ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ വിനിയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍, ഹയര്‍ സെക്കന്ററി ലാബുകള്‍, ഹയര്‍ സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നാളെ (2021സെപ്റ്റംബര്‍ 14) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്ററി ലാബുകള്‍, മൂന്ന് ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുക. കിഫ്ബിയുടെ അഞ്ച് കോടി രൂപ ധന സഹായത്തോടെയുള്ള 11 സ്‌കൂള്‍ കെട്ടിടങ്ങള്‍, മൂന്ന് കോടി രൂപ ധനസഹായത്തോടെയുള്ള 23 സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയില്‍ ആറ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാനമാണ് നടത്തുന്നത്.

കെ.കെ.എം.എച്ച്.എസ്.എസ്. ഇലിപ്പക്കുളം, ഗവ. ജി.എച്ച്.എസ്.എസ് ഹരിപ്പാട്, ഗവ. എല്‍.പി.എസ്. പൊന്നാട്, ഗവ. യു.പി.എസ് ഹരിപ്പാട്, ഗവ. യു.പി.എസ്. കാവാലം, ഗവ. യു.പി.എസ് ചതുര്യത്ഥ്യാക്കരി എന്നിങ്ങനെ ആറ് സ്‌കൂള്‍ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. കെ.കെ.എം.എച്ച്.എസ്.എസ്. ഇലിപ്പക്കുളത്ത് കിഫ്ബി ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപ ചെലവഴിച്ചും ഗവ. ഗേള്‍സ് ഹരിപ്പാട് സ്‌കൂളില്‍ കിഫ്ബി വഴി അഞ്ച് കോടി രൂപ വിനിയോഗിച്ചും ഗവ. എല്‍.പി.എസ് പൊന്നാടില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചും നിര്‍മിച്ച കെട്ടിടങ്ങളും എസ്.എസ്.കെ. ഫണ്ട് വിനിയോഗിച്ച് കാവാലം ഗവ. യു.പി.എസിലും ചതുര്‍ത്ഥ്യാകരി ഗവ. യു.പി.എസിലും നിര്‍മിച്ച കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്. കായംകുളം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 48.2 ലക്ഷം രൂപ വിനിയോഗിച്ച നിര്‍മിച്ച ഹൈ ടെക് ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

സംസ്ഥാന തലത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇലിപ്പകുളം കെ.കെ.എം.എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.