തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്നംകുളം മണ്ഡലത്തില്‍ വളര്‍ച്ചയുടെ പുത്തന്‍ പാതയിലേയ്ക്ക് 4 വിദ്യാലയങ്ങള്‍. ഗവ.എച്ച് എസ് എസ് കടവല്ലൂര്‍, ഗവ.എച്ച് എസ് എസ് മരത്തംകോട്, ഗവ.എച്ച് എസ് എസ് എരുമപ്പെട്ടി എന്നീ സ്‌കൂളുകളില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് എച്ച് എസ് എസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സെപ്റ്റംബര്‍ 14 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. എ സി മൊയ്തീന്‍ എം എല്‍ എ ഓരോ സ്‌കൂളിലും സംഘടിപ്പിക്കുന്ന പ്രാദേശികമായി ഉദ്ഘാടന പരിപാടികളില്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. രമ്യാ ഹരിദാസ് എം പി മുഖ്യാതിഥിയായി പങ്കെടുക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. കുന്നംകുളം മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖല യില്‍ 75 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് നിര്‍വഹിച്ചിട്ടുള്ളത്.

ജി എച്ച് എസ് എസ് കടവല്ലൂര്‍

ജി എച്ച് എസ് എസ് കടവല്ലൂരില്‍ 5 കോടി രൂപ ചെലവില്‍ 3 നിലകളിലായി 8 ക്ലാസ് മുറികള്‍, ഒരു ലാബ്, 2 ഓഫീസ് മുറികള്‍, 2 സ്റ്റാഫ് മുറികള്‍, 5 ബോയ്‌സ് ടോയ്‌ലറ്റ് , 5 ഗേള്‍സ് ടോയ്‌ലറ്റ്, 6 ബോയ്‌സ് യൂറിനല്‍ എന്നിവയും ഉണ്ട്. ഇതിനു പുറമേ സി.എസ്.ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന ഒരു കോടി രൂപയുടെ കെട്ടിട നിര്‍മാണവും കടവല്ലൂര്‍ സ്‌കൂളില്‍ പൂര്‍ത്തിയാകുന്നുണ്ട്.

ജി എച്ച് എസ് എസ് മരത്തംകോട്

പൊതുവിദ്യാഭ്യാസ വകുപ്പ് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് മരത്തംകോട് സ്‌കൂളില്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 225.25 ച.മീ വീതമുള്ള രണ്ട് നിലകളില്‍ മൂന്ന് ക്ലാസ് മുറിയും ഓഫീസും ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. 2020 ജൂലൈ മാസത്തില്‍ ആരംഭിച്ച പ്രവൃത്തി 2021 ആഗസ്റ്റിലാണ് പൂര്‍ത്തിയായത്.

ജി എച്ച് എസ് എസ് എരുമപ്പെട്ടി

50 ലക്ഷം രൂപ ചെലവഴിച്ച് ഹയര്‍ സെക്കന്ററി വിഭാഗം ലാബ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. 400 ച.മീ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ രണ്ട് നിലകളിലായി നാല് മുറികളാണുള്ളത്.

ബോയ്സ് സ്‌കൂള്‍ കുന്നംകുളം

കിഫ്ബി – കില പദ്ധതിയില്‍ ഒരു കോടി രൂപയുടെ കെട്ടിടത്തിനാണ് കുന്നംകുളം ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി തറക്കല്ലിടുക. രണ്ട് നിലകളിലായി 4912 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 6 ക്ലാസ് മുറികളാണ് ഇവിടെ നിര്‍മിക്കുന്നത്.