കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന സുശക്ത പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ബ്ലോക്ക് പ്രസിഡന്റ് കെ. ഹര്‍ഷകുമാറിന് കൈമാറുകയായിരുന്നു അദ്ദേഹം. വാക്‌സിനേഷന് മുന്‍ഗണന നല്‍കിയതോടെ ഗുരുതരമായി രോഗം ബാധിക്കുന്നത് പിടിച്ചുനിറുത്താനായി. ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക വഴി ഏതു സാഹചര്യത്തേയും നേരിടാവുന്ന അവസ്ഥയാണ് സംജാതമായതെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പരിധിയിലെ മേലില,കുളക്കട മൈലം, ഉമ്മന്നൂര്‍, വെട്ടിക്കവല, പവിത്രേശ്വരം ഗ്രാമപഞ്ചായത്തുകളില്‍ കാര്യക്ഷമമായ രീതിയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വാക്‌സിനേഷന്‍ നടപടികളും പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍, കോളനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍. ടി. പി. സി. ആര്‍. പരിശോധന ക്യാമ്പുകളും നടത്തി വരുന്നു. ആറ് പഞ്ചായത്തുകളിലേക്കും കോവിഡ് പ്രതിരോധ സാമഗ്രികള്‍, പ്രതിരോധ മരുന്നുകള്‍ എന്നിവ വിതരണം ചെയ്തതായും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹര്‍ഷകുമാര്‍ പറഞ്ഞു.

തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നലെ (സെപ്റ്റംബര്‍ 13) 520 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഒരു വാര്‍ഡില്‍ 26 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കിയത്. പഞ്ചായത്തില്‍ കിടപ്പ് രോഗികള്‍ക്കായുള്ള ഒന്നാംഘട്ട വാക്‌സിന്‍ പൂര്‍ത്തിയാക്കിയതായി പ്രസിഡന്റ് വി.എസ്. കലാദേവി പറഞ്ഞു. നിലവില്‍ 27 രോഗികളാണ് ഡിസിസിയില്‍ ഉള്ളത്. പഞ്ചായത്തിലെ പി. എച്ച്. സി.യിലും നടുത്തേരി സ്‌കൂളിലുമായി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആര്‍. ടി.പി. സി.ആര്‍. പരിശോധന നടക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.
കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ 24 രോഗികളാണ് ചികിത്സയിലുള്ളത്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പഞ്ചായത്തിലെ 58 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. 11620 പേര്‍ക്ക് ഫസ്റ്റ് ഡോസും, 4264 പേര്‍ക്ക് സെക്കന്‍ഡ് ഡോസ് വാക്‌സിനും നല്‍കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ പറഞ്ഞു.
കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ സി. എഫ്. എല്‍. ടി. സി. യില്‍ 63 രോഗികള്‍ ചികിത്സയിലുണ്ട്. കടയ്ക്കല്‍ ഗവ. യു. പി. എസില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ 1400 പേര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ നല്‍കി. 95 ശതമാനത്തോളം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രസിഡന്റ് എം. മനോജ് കുമാര്‍ പറഞ്ഞു.