പാലക്കാട്: പരാതി കേള്‍ക്കാന്‍ ഇരുന്ന എംഎല്‍എക്ക് മുന്നിലേക്ക് വന്നത് വഴിത്തര്‍ക്കം മുതല്‍ പട്ടയം ലഭിക്കുന്നത് വരെയുള്ള നൂറോളം പരാതികള്‍. കോട്ടായി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എം. എല്‍. എ പി. പി സുമോദ് നാട്ടുകാരില്‍ നിന്നുള്ള പരാതികള്‍ സ്വീകരിച്ചത്.
ചെമ്പൈ സംഗീത ഗ്രാമത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ദിശാ ബോര്‍ഡുകള്‍ വയ്ക്കുന്നതിനും പ്രദേശത്തെ റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും ആവശ്യപ്പെട്ടുള്ള പരാതിയില്‍ ആവശ്യമായ നടപടികളെടുക്കുമെന്ന് എംഎല്‍എ പറഞ്ഞു. പുളിനെല്ലി കുംബാര കോളനിയില്‍ കോളനി നവീകരണത്തിനായി അനുവദിച്ച ഒരു കോടി രൂപ കോളനി നിവാസികളുടെ തര്‍ക്കത്തെതുടര്‍ന്ന് വിനിയോഗിക്കാതെ ഇരിക്കുകയായിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച കോളനി നവീകരണം നടത്തണമെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി.
കൂടാതെ അംഗന്‍വാടി കെട്ടിടത്തിന് ഭൂമി, കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ച കുടുംബത്തിന് കുടുംബസ്വത്തില്‍ നിന്നുള്ള ഭൂമി, ചികിത്സാസഹായം, വീട്, കുടിവെള്ളം, റേഷന്‍ കാര്‍ഡ്, ഓണ്‍ലൈന്‍ ക്ലാസിനുള്ള മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ ആവശ്യപ്പെട്ടുള്ള പരാതികളും ലഭിച്ചു. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമാറി ഉടന്‍ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് പറഞ്ഞു.
സ്റ്റാമ്പ് പേപ്പര്‍ ലഭ്യമാക്കണം
രജിസ്റ്റര്‍ ഓഫീസ് അടക്കമുള്ള സൗകര്യങ്ങളുള്ള കോട്ടായി പഞ്ചായത്തില്‍ സ്റ്റാമ്പ് പേപ്പര്‍ ലഭ്യമാക്കുന്നതിന് നടപടി എടുക്കണമെന്നും പരാതി ലഭിച്ചു. കരിയംകോട് ബസ് കാത്തിരിപ്പു കേന്ദ്രം, ചേന്ദംകാട് വായനശാലയിലേക്ക് ആവശ്യമായ പുസ്തകം അടക്കമുള്ള വസ്തുക്കള്‍, ലൈബ്രറി മെയിന്റനന്‍സ് എന്നിവയും പൊതുവായി ലഭിച്ച പരാതികളാണ്.
കോട്ടായി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരാതി കേള്‍ക്കല്‍ പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ. വി ഗിരീഷ്, വി.ഇ. ഓ ജെ.പ്രസാദ് എന്നിവര്‍ പങ്കെടുത്തു.