ഇടുക്കി: സംസ്ഥാന തലത്തില്‍ സെപ്തംബര്‍ 14 (ചൊവ്വാഴ്ച്ച) നടക്കുന്ന പട്ടയമേളക്ക് തൊടുപുഴയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ചടങ്ങില്‍ അദ്ധക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ഉച്ചക്ക് 12ന് നടക്കുന്ന താലൂക്ക് തല പട്ടയ വിതരണം പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.

തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷനാകും. തൊടുപുഴ താലൂക്കില്‍ 255 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. തൊടുപുഴ താലൂക്ക് ഓഫീസ്, കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും 10 പേര്‍ക്ക് നേരിട്ട് പട്ടയം കൈമാറും. ബാക്കിയുള്ളവരെ മറ്റ് ദിവസങ്ങളില്‍ അതത് ഓഫീസുകളിലേക്ക് വിളിച്ച് വരുത്തി പട്ടയം കൈമാറും. തൊടുപുഴ താലൂക്ക് ഓഫീസില്‍ നിന്നും 50 പട്ടയങ്ങളാണ് ഇത്തവണ നല്‍കുക. കോടിക്കുളം 18, കുമാരമംഗലം 26, ആലക്കോട് 1, കരിങ്കുന്നം 1, വണ്ണപ്പുറം 4 എന്നിങ്ങനെയാണ് നല്‍കുന്നത്. കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസില്‍ നിന്നും 205 പട്ടയങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഉടുമ്പന്നൂര്‍ 195, വണ്ണപ്പുറം 1, വെള്ളിയാമറ്റം 9.