കൊല്ലം: രണ്ടു വര്‍ഷക്കാലം ജില്ലയുടെ ഭരണസാരഥിയായിരുന്ന മുന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ചുമതല കൈമാറി മടങ്ങിയത് സ്വന്തം ബുള്ളറ്റ് ബൈക്കില്‍. ഭാര്യ എം. കെ. റുക്‌സാനയുമൊന്നിച്ച് സഹപ്രവര്‍ത്തകരുടെ സ്‌നേഹം നിറഞ്ഞ യാത്ര പറയലുകള്‍ക്കിടെ പുതിയ ചുമതലയിലേക്ക് കടക്കുകയാണ് അദ്ദേഹം.

മാഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായിട്ടാണ് പുതിയ നിയോഗം. സാധാരണക്കാര്‍ക്കിടയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നതിന്റെ സന്തോഷവും പങ്കിട്ടായിരുന്നു മടക്കം. പത്താം ക്ലാസുകാരനായ മകന്‍ ഇനാമുള്‍ ഹക്കിന്റെ പഠനവും ടൗണ്‍ യു. പി. എസ്സിലെ പത്‌നിയുടെ ജോലിയും കണക്കിലെടുത്ത് ജില്ലയില്‍ പുതിയൊരു വീട്ടില്‍ തുടരാനാണ് തത്ക്കാലം തീരുമാനം.