ഇടുക്കി: ജില്ലയുടെ ചരിത്രവും പ്രധാന സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കരം ഒരുക്കി പാറേമാവില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊലുമ്പന്‍ തിയേറ്റര്‍ ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിക്കും.
ഒന്നരക്കോടി രൂപ പദ്ധതിയ്ക്ക് ചെലവാകുമെന്നു പ്രതീക്ഷിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്. ആദ്യ ഘട്ടത്തില്‍ 50 ലക്ഷം രൂപ പദ്ധതിയ്ക്ക് വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
ഗോത്രശിലാ ശില്പവും നന്നങ്ങാടിയുമാണ് കൊലുമ്പന്‍ തിയേറ്ററിന്റെ പ്രത്യേകത. നന്നങ്ങാടിയുടെ രൂപത്തില്‍ തയ്യാറാവുന്ന തിയേറ്ററിന്റെ ഗാലറിയില്‍ ഇടുക്കിയുടെ ചരിത്രം ആലേഖനം ചെയ്യുന്നുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് നന്നങ്ങാടി നിര്‍മിക്കുക. പ്രവേശന കവാടം മുനിയറയുടെ രൂപത്തിലാണ്. ഇതിന്റെ ഉള്‍ഭാഗത്തില്‍ സംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള സ്റ്റേജാണ് സജ്ജികരിക്കുന്നത്. ഇവിടെ കല്ല് കൊണ്ടുണ്ടാക്കിയ സീറ്റുകളാണ് ക്രമീകരിക്കുന്നത്.
നന്നങ്ങാടിയോടൊപ്പം തീയേറ്ററില്‍ 22 അടി പൊക്കത്തില്‍ ഗോത്ര ശിലാ ശില്പവും സ്ഥാപിക്കും. കുറവന്റെയും – കുറത്തിയുടെയും ശില്പമാണ് ഇവിടെ സ്ഥാപിക്കുന്നത്. പ്രതിമയ്ക്കുള്ളില്‍ 850 ചതരുശ്ര അടിയില്‍ ഗോത്രകലകളുടെ ചരിത്രം പറയുന്ന രൂപങ്ങളും ചിത്രങ്ങളും, ഇരിപ്പിടങ്ങളും ഉണ്ടാകും.
പാറേമാവ് ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപമുള്ള ജില്ലാ പഞ്ചായത്തിന്റെ രണ്ട് ഏക്കര്‍ സ്ഥലത്താണ് കൊലുമ്പന്‍ തിയേറ്റര്‍ ഒരുങ്ങുന്നത്. ശില്പങ്ങളുടെയും പ്രതിമയുടെയും നിര്‍മാണം ശില്‍പ്പിയും ചിത്രകാരനുമായ കെ. ആര്‍ ഹരിലാല്‍ ആണ് നിര്‍വ്വഹിക്കുന്നത്. കൊലുമ്പന്‍ തീയറ്ററിന്റെ മിനിയെച്ചര്‍ നിര്‍മിച്ചു ജില്ലാ പഞ്ചായത്തില്‍ പ്രദര്‍ശനത്തിനായി വെച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ കുമാരി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. എന്‍ മോഹനന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എം. ഭവ്യ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശ ആന്റണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കുരുവിള, പൈനാവ് ഡിവിഷന്‍ മെമ്പര്‍ കെജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.