ജില്ലയില്‍ ഈമാസം മുതല്‍ പാചക വാതക ഉപഭോക്താക്കള്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള പാചകവാതക ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന സിലിണ്ടറുകള്‍ സൗജന്യമായി വീടുകളിലെത്തിക്കാന്‍ (ഫ്രീ ഡെലിവറി സര്‍വ്വീസ്) ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാചകവാതക ഓപ്പണ്‍ഫോറത്തില്‍ തീരുമാനമായി. പാചകവാതക സിലിണ്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ രണ്ടുമണിക്കൂറിനകം സിലിണ്ടറിന്‍റെ കേടുപാടുകള്‍ തീര്‍ത്തുകൊടുക്കാനും മാറ്റിനല്‍കാനും യോഗത്തില്‍ ധാരണയായി. പാചകവാതക സിലിണ്ടറിന് അമിത തുക നല്‍കുന്നുവെന്നുള്ള പൊതുജനങ്ങളുടെ പരാതിയില്‍ ബില്ലിലുള്ള തുക നല്‍കിയാല്‍ മതിയെന്നും അമിത തുക ഈടാക്കുന്ന ഏജന്‍സികളെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ടു നല്‍കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വ്യക്തമാകാത്ത ബില്ലുകള്‍ക്ക് ഉപഭോക്താവ് പണം നല്‍കേണ്ടതില്ല. റീപ്രിന്‍റ് ചെയ്ത ബില്ലുകള്‍ പാചകവാതക ഏജന്‍സിയുമായി ബന്ധപ്പെട്ടതിനു ശേഷം നല്‍കിയാല്‍ മതിയെന്നും പാചക വാതക വിതരണ ജില്ലാമേധാവികള്‍ യോഗത്തില്‍ അറിയിച്ചു. പാചകവാതക ഉപയോഗത്തെ കുറിച്ചുള്ള സുരക്ഷാബോധവത്ക്കരണ ക്ലാസ്സ് എല്ലായിടത്തും നല്‍കാനും തയ്യാറെന്ന് മേധാവികള്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി കളക്ടര്‍ ബാബു സേവ്യര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് മാനേജര്‍ മഞ്ജുഷ ഗോപിനാഥ്, ഭാരത് പാചക വാതക ജില്ലാ സെയില്‍സ് മാനേജര്‍ അരവിന്ദാക്ഷന്‍, എച്ച്.പി.സി സെയില്‍സ് അസിസ്റ്റന്‍റ് മാനേജര്‍ രാഹുല്‍, ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടന പ്രതിനിധികള്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, പാചകവാതക ഏജന്‍സി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ജില്ലയിലെ വിവിധ പാചക വാതക ഏജന്‍സികളുടെ സേവനങ്ങള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ക്കും ബന്ധപ്പെടാനുള്ള നമ്പറുകളും യോഗത്തില്‍ ഉപഭോക്താക്കള്‍ക്കു നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ : 9447498248, എച്ച്.പി.സി : 9633777817, ഭാരത്: 9544434466. എല്ലാ പാചകവാതക സേവനങ്ങള്‍ക്കുമുള്ള പൊതുവായ ടോള്‍ ഫ്രീ നമ്പര്‍ : 1800 233 555.
