# വികാസ്പീഡിയ: ശില്‍പ്പശാല സംഘടിച്ചു
വയനാട്: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ഇ – ഭരണം എന്നീ മേഖലകളിലെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള പോര്‍ട്ടല്‍ വികാസ്പീഡിയുടെ പ്രചരണത്തിന്റെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു. വയനാട് ജില്ലാ ആസൂത്രണഭവനില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ ഏറ്റവും ശക്തമാര്‍ന്നതും സൂക്ഷിച്ചില്ലെങ്കില്‍ ഏറ്റവും അപകടകരമായതും സോഷ്യല്‍ മീഡിയയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറുച്ചുള്ള വിവരം ജനങ്ങളിലെത്തിക്കുന്ന വികാസ്പീഡിയ പ്രവര്‍ത്തനം പ്രോത്സഹിപ്പിക്കുന്നതായി അദ്ധ്യക്ഷത വഹിച്ച എം.ഐ. ഷാനവാസ് എം.പി അറിയിച്ചു. കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംമ്പശിവ റാവു വികാസ്പീഡിയ പൈലറ്റ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മികച്ച പ്രവര്‍ത്തകനായി തിരഞ്ഞെടുക്കപ്പെട്ട വി.സി പ്രമോദ് കുമാര്‍, എം. എസ് ജെസ്ബിന്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ അവാര്‍ഡ് വിതരണം ചെയ്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ ഡിജിറ്റല്‍ വായനാ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാസ്പീഡിയ പ്രൊജക്റ്റ് ഡയറക്ടര്‍ എം. ജഗദീഷ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ഇ.കെ സൈമണ്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അസി. എഡിറ്റര്‍ എന്‍. സതീഷ് കുമാര്‍, വികാസ്പീഡിയ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.വി.ഷിബു, ഇ-ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജെറിന്‍ സി. ബോബന്‍ എന്നിവര്‍ സംസാരിച്ചു. വികാസ്പീഡിയ പരിചയപ്പെടുത്തല്‍, ജില്ലകളിലെ പ്രവര്‍ത്തന പുരോഗതി, ഭാവിപരിപാടികള്‍, പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് കമ്മ്യൂണിറ്റി പ്രസന്റേഷന്‍ എന്നിവയും ശില്‍പ്പശാലയുടെ ഭാഗമായി നടത്തി.