കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സഹായ പദ്ധതികള്‍ കര്‍ഷകരില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പത്തനംതിട്ട തെള്ളിയൂരിലെ കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രമന്ത്രിമാര്‍ രാജ്യത്തെ വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയതെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് വളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കര്‍ഷകരുമായി നേരിട്ട് നടത്തിയ മുഖാമുഖത്തിലൂടെ ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ധാരണ ലഭിച്ചു.  ജില്ലിയിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.  കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് എത്തിച്ചേരുന്നതിന് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യൂസ്, വൈസ് പ്രസിഡന്റ് അക്കാമ്മ ജോണ്‍സണ്‍, ഗ്രാമപഞ്ചായത്തംഗം അജയകുമാര്‍ വല്യൂഴത്തില്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട, കാര്‍ഡ് ഡയറക്ടര്‍ റവ. ഏബ്രഹാം പി. വര്‍ക്കി, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.വി.ശ്രീനിവാസ റെഡ്ഡി, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി. റോബര്‍ട്ട്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഷൈനി ഇസ്രയേല്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ അംബികാദേവി, നാളീകേര വികസന ബോര്‍ഡ് അംഗം വി.ആര്‍. മുരളീധരന്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍. രഘുനാഥന്‍ പിള്ള, ഫാര്‍മേഴ്‌സ് സൊസൈറ്റി ജില്ലാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍,  രാജു പുളിമൂട്, റവ. വിനോദ് ഈശോ, ജോസി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.