സൗജന്യമായി വൈഫൈ ഡേറ്റ നല്‍കുന്നതിനായി ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രണ്ടാം ഘട്ടത്തില്‍ 194 വൈഫൈ കേന്ദ്രങ്ങളാണ് ജില്ലയില്‍ സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തില്‍ തയ്യാറാകുന്നത്. ആദ്യഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, കളക്ട്രേറ്റ്, അടൂര്‍, പത്തനംതിട്ട,തിരുവല്ല മിനി സിവില്‍ സ്റ്റേഷനുകള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, ജില്ലയിലെ വിവിധ ബസ് സ്റ്റാന്‍ഡുകള്‍ എന്നിങ്ങനെ 41 ഇടങ്ങളിലായിരുന്നു സൗജന്യ വൈഫൈ ലഭ്യമാക്കിയത്. രണ്ടാംഘട്ടത്തില്‍ കോന്നി ആനക്കൂട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും പമ്പാ മേഖലയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹോട്ട് സ്‌പോട്ടുകള്‍ വഴി ദിവസേന 300 എംബി ഡേറ്റയാണ് സൗജന്യമായി ലഭിക്കുന്നത്. 10 എംബിപിഎസാണ് വേഗത. ഒരേ സമയം 50 പേര്‍ ഉപയോഗിച്ചാലും വേഗത്തില്‍ കുറവുണ്ടാകില്ല. വൈഫൈ മോഡം സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ വഴി വൈഫൈ ഉപയോഗിക്കാം. സൗജന്യ പരിധി കഴിഞ്ഞാല്‍ പണം നല്‍കിയും വൈഫൈ സൗകര്യം ഉപയോഗപ്പെടുത്താം. അനുവദനീയമായ ഡേറ്റ ഉപയോഗിച്ചു തീര്‍ന്നാലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പും ഈ വൈഫൈ വഴി പരിധിയില്ലാതെ ഉപയോഗിക്കുവാന്‍ കഴിയും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ഇതുവഴി സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫൈ പദ്ധതിയിലൂടെയാണ് സൗജന്യ വൈഫൈ ഓരോ ജില്ലകളിലും ലഭ്യമാക്കുന്നത്. വൈഫൈ ലഭിക്കുന്നതിന് ഹോട് സ്‌പോട്ടുകളിലെത്തിയാല്‍ ഉപകരണത്തിലെ വൈഫൈ ഓണ്‍ ചെയ്ത് കെ-വൈയിലേയ്ക്ക് പ്രവേശിക്കണം. ആദ്യം ഉപയോക്താക്കളുടെ മൊബൈല്‍ നമ്പര്‍ നല്‍കണം തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന പിന്‍നമ്പര്‍ അടിച്ച് ലോഗിന്‍ ചെയ്യാം. ഹോട്‌സ്‌പോട്ടുകളുള്ള എല്ലാ കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ ഉണ്ടായിരിക്കും. അമേരിക്കന്‍ കമ്പനിയായ ക്വാഡ്‌ജെന്‍ വയര്‍ലെസ് സൊല്യൂഷനാണ് ഹോട് സ്‌പോട്ടുകള്‍ തയ്യാറാക്കുന്നത്. ബിഎസ്എന്‍എല്ലിനാണ് പദ്ധതിയുടെ കരാര്‍. വൈഫൈ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതും പ്രവൃത്തികള്‍ ഏകോപിക്കുന്നതും ജില്ലാ ഐടി മിഷനാണ്.