കണ്ണൂര്‍: ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പദ്ധതി ശുപാര്‍ശകളും മുന്നോട്ട് വെച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിളിച്ചു ചേര്‍ത്ത എം എല്‍ എ മാരുടെ യോഗം. ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. കൈത്തറി, ഖാദി മുതല്‍ ഐടി അടക്കമുള്ള ആധുനിക വ്യവസായങ്ങള്‍ വരെയുള്ള സാധ്യതകളാണ് എംഎല്‍എമാര്‍ മുന്നോട്ട് വെച്ചത്.

വിമാനത്താവളം, തുറമുഖം, ചരിത്രപരമായ പ്രത്യേകതകള്‍, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവക്ക് അനുസരിച്ചുള്ള സാധ്യത ഉപയോഗപ്പെട്ടത്തിയാല്‍ ജില്ലക്ക് വ്യാവസായിക മുന്നേറ്റം സാധ്യമാകുമെന്ന് എം എല്‍ എ മാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ വ്യവസായ മേഖല നേരിടുന്ന പ്രശ്‌നങ്ങളും അവര്‍ മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു.

കണ്ണൂരില്‍ കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍, ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ ഊന്നിയുള്ള വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കെല്‍ട്രോണിന്റെ ആധുനികവല്‍ക്കരണത്തിന് നടപടി പുരോഗമിക്കുന്നുണ്ട്. കശുവണ്ടി, തേങ്ങ, റബ്ബര്‍, തുടങ്ങിയവ ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതും ആലോചിക്കും.

കിന്‍ഫ്രയുടെ ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശിക്കും. ഭൂമിയുടെ വില നിര്‍ണയം വേഗത്തിലാക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് ഏകീകൃത രീതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിന്റെ അതിവേഗ വ്യവസായ വികസനം സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

എം എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചര്‍, കെ പി മോഹനന്‍, അഡ്വ. സണ്ണി ജോസഫ്, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, ടി ഐ മധുസൂദനന്‍, അഡ്വ. എ എന്‍ ഷംസീര്‍, എം വിജിന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യം, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്,് വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.