പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ കാലത്ത് ലൈഫ് മിഷനില്‍ വീട് ലഭിച്ചു, ഇപ്പോള്‍ ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് പട്ടയവും തന്നു- ഏറെ സന്തോഷത്തോടെ കല്ലറക്കടവ് നന്ദിനി ഭവനത്തില്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 40 വര്‍ഷമായി ജീവിക്കുന്ന അഞ്ച് സെന്റ് സ്ഥലം തന്റെ പേരിലായ സമാധാനത്തിലാണ് സുബ്രഹ്‌മണ്യനും കുടുംബവും.

ഭാര്യ ശ്യാമളയും മകന്‍ സുമേഷും മരുമകള്‍ സ്വാതിയും അവരുടെ അഞ്ച് വയസുള്ള കുട്ടിയും അടങ്ങുന്നതാണ് സുബ്രഹ്‌മണ്യന്റെ കുടുംബം. പെയിന്റിംഗ് പണിക്ക് പോയിരുന്ന 72 കാരനായ സുബ്രഹ്‌മണ്യന്് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഇപ്പോള്‍ അതിന് കഴിയുന്നില്ല. മകന്‍ സുമേഷ് പണിക്ക് പോയാണ് കുടുംബം നോക്കുന്നത്.

കോവിഡ് ആയതിനാല്‍ പണി കുറവാണെന്നും സര്‍ക്കാര്‍ കനിയുന്നതിനാലാണ് ജീവിച്ചു പോകുന്നതെന്നും ശ്യാമള പറഞ്ഞു. കൊച്ചുകുഞ്ഞുള്ള ഞങ്ങള്‍ക്ക് കയറിക്കിടക്കാന്‍ സ്വന്തമായി വീടും വസ്തുവും അനുവദിച്ച സര്‍ക്കാരിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ലന്ന് ഈ കുടുംബം സന്തോഷത്തോടെ പറയുന്നു.