ആലപ്പുഴ: സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹാര്‍ദ്ദമാക്കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. ഹരിപ്പാട് റവന്യു ടവറിലെ ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങള്‍ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ ട്രഷറികള്‍ ജനസൗഹൃദമാക്കുയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഹരിപ്പാട് സബ് ട്രഷറിക്ക് സംസ്ഥാനത്തെ ട്രഷറി ചരിത്രത്തില്‍ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്. ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തില്‍ ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവര്‍ത്തനത്തെ ക്കുറിച്ചുള്ള അറിവുകള്‍ പുതു തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കണമെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഹരിപ്പാട് റവന്യു ടവറിന്റെ താഴത്തെ നിലയിലാണ് സബ് ട്രഷറി പ്രവര്‍ത്തിക്കുക. പുതിയ ട്രഷറിയുടെ സ്‌ട്രോങ്ങ് റൂം നിര്‍മാണത്തിനായി 17 ലക്ഷം രൂപയും ട്രഷറിയിലെ കൗണ്ടര്‍ ക്യാബിന്‍, വൈദ്യുതീകരണം, നെറ്റ് വര്‍ക്ക് സംവിധാനം, ഫര്‍ണീച്ചര്‍, റൂഫ് സീലിംഗ് എന്നിവയ്ക്കായി 38.91 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. സബ് ട്രഷറി പരിധിയില്‍ ഹരിപ്പാട് നഗരസഭയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും ആറ് ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.

150 സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് അനുകൂല്യങ്ങള്‍ എന്നിവയുടെ വിതരണം, 4000 പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം, 4000 വ്യക്തിഗത അകൗണ്ടുകള്‍, 10,000 സ്ഥിര നിക്ഷേപ അകൗണ്ടുകള്‍, രണ്ടായിരത്തോളം വരുന്ന ശമ്പള വിതരണ അകൗണ്ടുകള്‍, ഓഫീസ് സംബന്ധമായ ഇരുനൂറോളം മറ്റ് അകൗണ്ടുകള്‍ എന്നിവയുടെ ഇടപാടുകളും ഹരിപ്പാട് സബ് ട്രഷറി വഴി നടത്തുന്നുണ്ട്. 12 ജീവനക്കാരാണ് ഇവിടെയുള്ളത്.

ചടങ്ങില്‍ രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട് നഗരസഭാധ്യക്ഷന്‍ കെ.എം. രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ട്രഷറി ഡയറക്ടര്‍ എ.എം. ജാഫര്‍, ദക്ഷിണ മേഖല ട്രഷറി ഉപഡയറക്ടര്‍ കെ.പി. ബിജുമോന്‍, നഗരസഭാംഗം വൃന്ദ എസ്. കുമാര്‍, ജില്ല ട്രഷറി ഓഫിസര്‍ പി. എഫ്. ബെന്നി എന്നിവര്‍ പങ്കെടുത്തു.