മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ തെന്നല സ്വദേശി ഇല്ലിക്കല്‍ തോണ്ടാലി കുഞ്ഞലവി മുസ്ലിയാരുടെ പരാതിക്ക് ഉടനടി പരിഹാരം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അടുത്ത ദിവസം തന്നെ കുഞ്ഞലവി മുസ്ലിയാരുടെ വ്യവസായത്തിന് ലൈസന്‍സ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പി.സി.ബി പ്രവര്‍ത്താനുമതി ലഭിച്ചെങ്കിലും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ അദ്ദേഹം പങ്കെടുക്കുകയായിരുന്നു. അദാലത്തിലൂടെ അടുത്ത ദിവസം തന്നെ ലൈസന്‍സ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
1991 കാലഘട്ടത്തിലാണ് കുഞ്ഞലവി മുസ്ലിയാര്‍ എന്ന അബു ഹനീഫല്‍ ഫൈസി തെന്നല മുസ്ലിയാര്‍ തന്റെ നാട്ടില്‍ ഹോളോബ്രിക്‌സ് വ്യവസായം ആരംഭിച്ചത്. സുപ്രീം ഹോളോബ്രിക്‌സ് ആന്‍ഡ് ഇന്റര്‍ലോക്ക് എന്ന തന്റെ കമ്പനിയില്‍ ഇതിനകം നാട്ടിലെ നിരവധി ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. നാട്ടിലെ ആളുകള്‍ തന്നെയാണിപ്പോഴും കുഞ്ഞലവി മുസ്ലിയാരുടെ വ്യവസായ സംരംഭത്തിലെ തൊഴിലാളികള്‍. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദേഹം നാട്ടിലെ ആളുകള്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹോളോബ്രിക്‌സ് വ്യവസായം നടത്തുന്നത്. ലൈന്‍സസ് ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സംരംഭം അടുത്ത ദിവസം ലൈസന്‍സ് ലഭ്യമാകുമ്പോള്‍ തന്നെ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.