ആധുനിക സൗകര്യങ്ങളോടു കൂടിയ ഫര്‍ണിച്ചര്‍ യൂനിറ്റ് എന്ന സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് കോട്ടയ്ക്കല്‍ കുഴിപ്പുറം സ്വദേശി ഷമീര്‍ ബാബു. എടയൂര്‍ പഞ്ചായത്തില്‍ നിര്‍മാണം ആരംഭിച്ച യൂനിറ്റുമായി ബന്ധപ്പെട്ട് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ രണ്ട് കോടി രൂപ അനുവദിച്ചു. എക്‌സ്‌പോര്‍ട്ടിങ് സാധ്യതയുള്ള ഫര്‍ണിച്ചര്‍ നിര്‍മാണ കമ്പനിക്കായി കെ. എഫ്.സിയില്‍ നിന്ന് അഞ്ച് കോടി വായ്പക്ക് അപേക്ഷിച്ചപ്പോള്‍ മൂന്ന് കോടി രൂപയാണ് ഷമീറിന് ലഭിച്ചത്.
യൂനിറ്റിന്റെ സുഗമമായ നടത്തിപ്പിനായി രണ്ട് കോടി രൂപ കൂടി അനുവദിക്കണമെന്നായിരുന്നു ഷമീറിന്റെ അപേക്ഷ. വേദിയിലുണ്ടായിരുന്ന കെ.എസ്.ഐ.ഡി.സി. എം.ഡി എം. ജി രാജമാണിക്യം ഉടനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട് തുക അനുവദിക്കുകയായിരുന്നു. യൂനിറ്റുമായി ബന്ധപ്പെട്ട് രണ്ട് അപേക്ഷകളാണ് ഷമീര്‍ പരിപാടിയില്‍ സമര്‍പ്പിച്ചത്.
യൂനിറ്റ് പൂര്‍ത്തീകരിക്കുന്നതിനായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് കൂടുതല്‍ വായ്പ തുക അനുവദിക്കാനും കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യാനുള്ള ജിയോളജി വകുപ്പിന്റെ നടപടികള്‍ വേഗത്തിലാക്കാനുമുളള പരാതികളുമാണ് സമര്‍പ്പിച്ചത്. പരാതി കേട്ട മന്ത്രി പി.രാജീവ് ഉടനടി പരിഹാരം കണ്ടെത്തുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇരു പരാതികളും പരിഹരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഷമീര്‍ ബാബു പ്രതികരിച്ചു. മീറ്റ് ദ മിനിസ്റ്റര്‍ പോലുള്ള പരിപാടികള്‍ സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടു പോകണമെന്നും ഇവ നാട്ടിലെ വ്യവസായങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും ഷമീര്‍ കൂട്ടി ചേര്‍ത്തു