തൃശ്ശൂർ: പട്ടയം ഔദാര്യമല്ലെന്നും അവകാശമാണെന്നും എ സി മൊയ്തീന്‍ എം എല്‍ എ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടന്ന കുന്നംകുളം താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിനാണ് ഈ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. പട്ടയവിതരണം തുടര്‍പ്രക്രിയയാണ്.

കേരളത്തിലാകെ വിതരണം ചെയ്യുന്ന പട്ടയത്തിന്റെ എട്ട് ശതമാനം പട്ടയവും കുന്നംകുളം താലൂക്കിലാണെന്നും എംഎല്‍എ പറഞ്ഞു. ഇതിനായി പ്രവര്‍ത്തിച്ച റവന്യൂ ജീവനക്കാരെ
എംഎല്‍എ അഭിനന്ദിച്ചു.പട്ടയവിതരണ മേള മരത്തംകോട് എ കെ ജി നഗറില്‍ താമസിക്കുന്ന ചക്കിയമ്മക്ക് പട്ടയം നല്‍കി എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. മണലൂര്‍ നിയോജകമണ്ഡലം എം എല്‍ എ മുരളി പെരുനെല്ലി മുഖ്യാതിഥിയായി.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജന്‍, ഷോബി ടി. ആര്‍, ചിത്ര വിനോഭാജി, രേഖ സുനില്‍, മിനി ജയന്‍, പി ഐ രാജേന്ദ്രന്‍, രേഷ്മ രതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പത്മ വേണുഗോപാല്‍, ജലീല്‍ ആദൂര്‍, കുന്നംകുളം തഹസില്‍ദാര്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കുന്നംകുളം തഹസില്‍ദാര്‍ (ഭൂരേഖ) ബെന്നി മാത്യു സ്വാഗതവും, സ്‌പെഷല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് റിഫോംസ്) എസ് ആര്‍ പ്രഭുകുമാര്‍ നന്ദിയും പറഞ്ഞു.