തൃശ്ശൂർ: അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വേലായുധന്‍. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൂവന്‍ചിറ, മലയന്‍ കോളനിയില്‍ വേലായുധനാണ് സംസ്ഥാന പട്ടയമേളയില്‍ മണ്ണിന്റെ ഉടമയായത്.
ആദിവാസി വിഭാഗത്തില്‍ പെട്ട വേലായുധന്‍ തന്റെ അധ്വാനത്തിന്റെ വിയര്‍പ്പ് വീണ 74 സെന്റ് ഭൂമിയുടെ അവകാശം ലഭിച്ച സന്തോഷത്തിലാണിപ്പോള്‍. സ്വന്തം ഭൂമിയില്‍ അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
പട്ടയത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായതിനാല്‍ ഇപ്പോള്‍ പട്ടയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സര്‍ക്കാര്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയെന്നും വേലായുധന്‍ പറയുന്നു. ഇനി സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാനാവുമെന്ന സന്തോഷത്തിലാണ് ഇവര്‍.