വീടിനോട് ചേര്‍ന്നുള്ള 5 സെന്റ് മിച്ചഭൂമിക്ക് പട്ടയം

തൃശ്ശൂർ: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന പട്ടയ വിതരണമേള ജീവിതത്തില്‍ പുഞ്ചിരി വിരിയിച്ചവരുടെ കൂട്ടത്തില്‍ ബാലകൃഷ്ണനും കുടുംബവും. തൃശൂര്‍ താലൂക്കില്‍ താന്ന്യം വില്ലേജില്‍ പൈനൂര്‍ ദേശത്ത് താമസിക്കുന്ന ബാലകൃഷ്ണന് വീട് ഉള്‍പ്പെടെ 5 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പട്ടയത്തിലൂടെ ബാലകൃഷ്ണന് 5 സെന്റ് മിച്ചഭൂമി കൂടി പട്ടയമായി ലഭിച്ചിരിക്കുകയാണ്.

തൃപ്രയാറുള്ള സ്വകാര്യ കുറിക്കമ്പനിയില്‍ ചെറിയ ശമ്പളത്തിന് കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന ബാലകൃഷ്ണന് 47 വയസാണ് പ്രായം. 2013ല്‍ ഹൃദയാഘാതം വന്ന ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതിയും മോശമാണ്. രണ്ട് പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ഭാര്യ സിജി തുന്നല്‍ തൊഴിലാളിയാണ്. അതുകൊണ്ടു തന്നെ ആകെയുള്ള പ്രതീക്ഷ സര്‍ക്കാരില്‍ നിന്ന് പട്ടയം ലഭിക്കുമെന്നതായിരുന്നു.

30 വര്‍ഷക്കാലമായുള്ള ബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരിശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ യാഥാര്‍ത്ഥ്യമായത്. വീടിന്റെ മുന്‍വശത്തുള്ള അഞ്ച് സെന്റ് സ്ഥലമാണ് പട്ടയം ഇനത്തില്‍ ലഭിച്ചത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന സര്‍ക്കാരിന്റെ ആശയം വെറുമൊരു വാക്കല്ലെന്നും അര്‍ഹരായവര്‍ക്ക് നല്‍കുന്ന അംഗീകാരമാണിതെന്നും ബാലകൃഷ്ണന്‍ പറയുന്നു. പട്ടയമേളയില്‍ റവന്യൂവകുപ്പ് മന്ത്രി കെ രാജനില്‍ നിന്നാണ് ബാലകൃഷ്ണന്‍ പട്ടയം സ്വീകരിച്ചത്.