തൃശ്ശൂർ: കിഴുപ്പിള്ളിക്കര ചെമ്പപ്പുള്ളി അമ്മിണിയ്ക്ക് ഇനി ആശ്വാസ നാളുകൾ. 50 വർഷത്തെ ദീർഘമായ കാത്തിരിപ്പിന് വിരാമമായി. തന്റെ പുരയിടത്തിന്റെ 10 സെന്റ് സ്ഥലത്തിനാണ് പട്ടയമില്ലാതെ ബുദ്ധിമുട്ടിയിരുന്നത്. ഇതിനൊരു പരിഹാരമാവുകയാണ് ടൗൺ ഹാളിൽ നടന്ന പട്ടയമേള. ഭർത്താവ് രാമൻ മരിക്കുന്നതിന് മുൻപ് പട്ടയത്തിന് വേണ്ടി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ലഭിച്ചിരുന്നില്ല.

കൂലി പണിയെടുത്ത് തന്റെ മൂന്ന് മക്കളെ വളർത്താൻ പാടുപെടുന്നതിനിടയിലും പട്ടയത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നിരുന്നു. അമ്മിണിയുടെ ദുരിതങ്ങൾക്ക് ഈ പട്ടയമേളയിലൂടെ പരിഹാരമാവുകയാണ്. പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിൽ എല്ലാവർക്കും നന്ദി പറയുകയാണ് ഈ കുടുംബം.