കാസർഗോഡ്: മരിക്കും മുന്നെ സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടാവണമെന്ന് ആഗ്രഹിച്ചതാണ്. ഭക്ഷണത്തിനും മറ്റും നാട്ടുകാരെല്ലാം സഹായിച്ചാണ് ജീവിക്കുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ടെ പേരിലും ഭൂമിയായി…ഇത് പറയുമ്പോള്‍ രാജന്റെ വാക്കുകള്‍ ഇടറിത്തുടങ്ങിയിരുന്നു. 15 വര്‍ഷമായി പടന്നക്കാട് നെഹ്റു കോളേജിന്റെ മുന്നിലുള്ള റോഡരികില്‍ ചെറിയൊരു ഷെഡ് കെട്ടിയാണ് രാജനും ഭാര്യ മൈമുനയും ജീവിച്ച് പോന്നത്.
ആലപ്പുഴയില്‍ നിന്ന് ജീവനോപാധി തേടിയായിരുന്നു രാജനും ഭാര്യയും കാസര്‍കോട്ടേയ്ക്ക് എത്തിയത്. ഇരുകാലുകളും നഷ്ടമായ മൈമുനയും ശാരീരിക അവശതകളാല്‍ കഷ്ടപ്പെടുന്ന രാജനും സ്വന്തമായി ഭൂമിയെന്നത് സ്വപ്നം മാത്രമായിരുന്നു. ഇതിനിടെയാണ് ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചത്.
സ്ഥലമേറ്റെടുക്കല്‍ നടപടിയെ തുടര്‍ന്ന് പാതയോരത്ത് താമസിച്ചിരുന്ന രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ എ.സി. അബ്ദുള്‍സലാം ഇവരെ പരിചയപ്പെടുന്നത്. ഇവരുടെ സങ്കടം മനസ്സിലാക്കിയ വില്ലേജ് ഓഫീസര്‍ തന്നെയാണ് അപേക്ഷകള്‍ തയ്യാറാക്കിയതും ഭൂമി കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതും.
കാഞ്ഞങ്ങാട് വില്ലേജ് പരിധിയില്‍ ഭൂമി ലഭ്യമല്ലാതെ വന്നതോടെ മടിക്കൈ വില്ലേജ് ഓഫീസര്‍ എസ്. സോവിരാജിന്റെ സഹായത്തോടെ മടിക്കൈയില്‍ 10 സെന്റ് സ്ഥലം ഇവര്‍ക്കായി കണ്ടെത്തുകയായിരുന്നു. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എം. മണിരാജിന്റെ പിന്തുണയും കൂടി ആയതോടെ നടപടികള്‍ വേഗത്തിലായി. ചൊവ്വാഴ്ച നടന്ന ഹോസ്ദുര്‍ഗ് താലൂക്ക്തല പട്ടയമേളയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത നേരിട്ടെത്തി ഇവര്‍ക്ക് പട്ടയം കൈമാറുകയായിരുന്നു. ”ഇനി കയറിക്കിടക്കാന്‍ ഒരു വീട് കൂടി വേണം, കണ്ണടയും മുന്നേ…”-മൈമുന പറഞ്ഞു.