പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ നാലാം ബാച്ച് രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി തുല്യത പരീക്ഷയില്‍ പാലക്കാട് ജില്ലയ്ക്ക് 82.47% ശതമാനത്തോടെ മികച്ച വിജയം. മണ്ണാര്‍ക്കാട് കല്ലടി എച്ച്.എസ്.എസ് ല്‍ പരീക്ഷ എഴുതിയ ഷഹല ഷെറിന്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി ജില്ലയില്‍ ഒന്നാമത് എത്തി. സംസ്ഥാനത്ത് ആകെ ആറ് പേര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.
2021 ജൂലൈ മാസത്തില്‍ 13 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 1338 പേരാണ് രണ്ടാംവര്‍ഷം പരീക്ഷയ്ക്ക് രജിസ്ററര്‍ ചെയ്തത്. ഇതില്‍ 1103 പേര്‍ വിജയിക്കുകയും ഉന്നത പഠനത്തിന് യോഗ്യത നേടുകയും ചെയ്തു. 938 പേര്‍ ഹ്യുമാനിറ്റീസ് വിഷയത്തിലും 165 പേര്‍ കോമേഴ്സിലുമാണ് വിജയിച്ചിട്ടുള്ളത്. 39 പേര്‍ വിവിധ കാരണങ്ങളാല്‍ പരീക്ഷയ്ക്ക് ഹാജരായിട്ടില്ല.
പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷ നല്‍കണം
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഫോറങ്ങള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപ, ഫോട്ടോ കോപ്പി പേപ്പര്‍ ഒന്നിന് 400 രൂപ, സൂക്ഷ്മ പരിശോധന പേപ്പര്‍ ഒന്നിന് 200 രൂപ വീതമാണ്. ഇതിനുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം സെപ്തംബര്‍ 16 നകം അതത് പരീക്ഷാകേന്ദ്രങ്ങളിലെ പ്രിന്‍സിപ്പള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.