കൊല്ലം: കോളേജുകളില്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ആദ്യ ഡോസ് വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ഒന്നാം ഡോസ് എടുത്തവര്‍ക്ക് നിശ്ചിത സമയത്തുതന്നെ രണ്ടാം ഡോസ് സ്വീകരിക്കാം.ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
വാക്‌സിന്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തെയോ ആശാ പ്രവര്‍ത്തകയേയോ സമീപിക്കണം.
കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍,സമ്പര്‍ക്ക പട്ടികയിലുള്ളവര്‍, കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ജീവനക്കാരും വിദ്യാര്‍ഥികളും കോളേജുകളില്‍ എത്തരുത്. പിന്നീട് ഇവര്‍ ആര്‍. ടി പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
കോളേജ് കോവിഡ് വിമുക്ത മേഖല ആക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡി എം ഒ നല്‍കി. കോളേജ് തുറക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പേ കോവിഡ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. കിണറുകളും ജലസ്രോതസ്സുകളും അണുവിമുക്തമാക്കണം. എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കി പ്രവര്‍ത്തന പദ്ധതി ആരോഗ്യവകുപ്പിന് കൈമാറണം.
ഇതില്‍ വിദ്യാര്‍ത്ഥികള്‍,ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ സ്ഥിതിവിവരം, ക്ലാസ്സുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ കോളേജ് തുറക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് ആരോഗ്യവകുപ്പിന് കൈമാറണം. പനിയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പരിചരണത്തിനായി പ്രത്യേകം മുറി സജ്ജമാക്കണം. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം, കുടിവെള്ളം, പഠനോപകരണങ്ങള്‍ തുടങ്ങിയവ പങ്കുവെക്കരുത്.