കേരള സ്റ്റാര്‍ട്ടപ് മിഷനും സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി ഇന്ത്യയും സംയുക്തമായി ജൂലൈ രണ്ടു മുതല്‍ ഏഴുവരെ ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്ട്ചലഞ്ച്  മത്സരാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് തങ്ങളുടെ നൂതന കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചു.  കര്‍ണ്ണാടക, ഛത്തീസ്ഗഡ്, ഡല്‍ഹി, രാജസ്ഥാന്‍, തെലുങ്കാന, കേരളം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 125 ഓളം സ്റ്റാര്‍ട്ടപ് സംരംഭകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പേരാണ് ഗ്ലോബല്‍ ഇംപാക്ട്ചലഞ്ചില്‍ പങ്കെടുക്കുന്നത്.
പുതിയ സാങ്കേതിക വിദ്യകള്‍ കോടിക്കണക്കിനുള്ള പൊതുജനങ്ങള്‍ക്ക് ഗുണകരമായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ്  കണ്ടുപിടുത്തങ്ങളെല്ലാം. ആരോഗ്യം, ശുദ്ധജലം, ഊര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും ഇതിലുണ്ട്.
ഗ്രാമപ്രദേശങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ സഹായകമായ സാങ്കേതിക വിദ്യ, തെങ്ങില്‍ കയറാതെ ഒന്നിലധികം തെങ്ങുകളില്‍ നിന്ന് ഒരു പാത്രത്തിലേക്ക് ഒരേ സമയം നീര സംഭരിക്കാവുന്ന സാങ്കേതികവിദ്യ, ക്ഷയരോഗ നിര്‍മാര്‍ജ്ജനം ഊര്‍ജ്ജിതമാക്കാന്‍  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായകമായ പദ്ധതി, സംസാരശേഷിയില്ലാത്തവര്‍ക്ക് ഓഫീസിലും മറ്റു സ്ഥാപനങ്ങളിലും പോകേണ്ടി വരുമ്പോള്‍ ആശയ വിനിമയം എളുപ്പമാക്കുന്നതിനുള്ള സാങ്കേതികവിദ്യ എന്നിങ്ങനെ വൈവിധ്യമുള്ള നൂതന ആശയങ്ങളാണ് സംരംഭകര്‍ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തിയത്.
മത്സരത്തില്‍ പങ്കെടുക്കുന്ന 25 സംരംഭകരുടെയും വിവിധ കണ്ടു പിടിത്തങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളവയാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥ് പറഞ്ഞു. മത്സരത്തില്‍ വിജയിയാവുന്ന രണ്ടു പേര്‍ക്ക് സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി അമേരിക്കയില്‍ സംഘടിപ്പിക്കുന്ന മൂന്നു മാസത്തെ ഇന്‍കുബേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.