പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇക്കൊല്ലം സംസ്ഥാന സര്‍ക്കാര്‍ 330 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ എല്‍.ഇ.ഡി തെരുവ് വിളക്ക് നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നല്‍കുന്ന പണം ഫലപ്രദമായി വിനിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നത്. കാലത്തിനൊത്ത മാറ്റവും നവീകരണവും യാഥാര്‍ത്ഥ്യമാക്കുന്നതിനായി വ്യവസായ മേഖലയില്‍ ഗവേഷണത്തിന്‍ പ്രാമുഖ്യം നല്‍കുകയാണ്. തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് ആധുനിക രീതികളും പരിചയപ്പെടുത്തും. പൊതുമേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വിപണനതന്ത്രം ആധുനീകരിക്കാനും തീരുമാനമുണ്ട്.
തകര്‍ച്ച നേരിടുന്ന സ്ഥാപനങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുകയാണ്. പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തി നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഇതു വഴി ലഭ്യമാകുന്ന വരുമാനം പൊതുമേഖലയുടെ സംരക്ഷണത്തിന് മുതല്‍ക്കൂട്ടാകും.
പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലേക്ക് കുതിക്കുകായണെന്ന് നവീകരിച്ച വാട്ടര്‍ മീറ്റര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചവറ കെ.എം.എം.എല്‍ 195 കോടി രൂപ ലാഭത്തിലേക്ക് നീങ്ങുകയാണ്. കുണ്ടറ സെറാമിക്‌സിന്റെ വിറ്റുവരവ് ഒരു കോടി രൂപയിലെത്തി. അലിന്‍ഡ് ഫാക്ടറി വൈദ്യുത ബോര്‍ഡുമായി കരാറിലേര്‍പ്പെടാനുള്ള ശ്രമത്തിലാണ്. പൊതുമേഖലയില്‍ ഈ വര്‍ഷം 130 കോടി രൂപ ലാഭം നേടാനായതും ശ്രദ്ധേയമാണെന്ന് മന്ത്രി വ്യക്തമാക്കി.
റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ ഉദ്ഘാടനം വനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. സാങ്കേതിക വിദ്യയിലെയും അഭിരുചിയിലെയും മാറ്റം ഉള്‍ക്കൊണ്ടുള്ള ഗവേഷണത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പുനലൂരിലെ പ്ലൈവുഡ് ഫാക്ടറിയുടെ പുനരുദ്ധാരണ സാധ്യത പരിശോധിക്കാന്‍ വ്യവസായ മന്ത്രി അടുത്ത മാസം ഇവിടം സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം. നൗഷാദ്, കമ്പനി ചെയര്‍മാന്‍ എം.എച്ച്. ഷാരിയര്‍, മാനേജിംഗ് ഡയറക്ടര്‍ എസ്.ആര്‍. വിനയകുമാര്‍, തൊഴിലാളി സംഘടനാ നേതാക്കളായ എന്‍. അനിരുദ്ധന്‍, എ. ഷാനവാസ്ഖാന്‍, പത്മനാഭന്‍, മുന്‍ മന്ത്രി ബാബു ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.