വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓൺലൈൻ പരീക്ഷ സംവിധാനം വികസിപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ സർവകലാശാല വൈസ്ചാൻസലർമാരോട് ആവശ്യപ്പെട്ടു. വൈസ് ചാൻസലർമാരുടെ ഓൺലൈൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓൺലൈൻ പരീക്ഷകൾക്ക് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പരീക്ഷയും ക്ലാസുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണ്. ‘സ്വയം’ പോർട്ടൽ പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളുടെ എണ്ണം വർദ്ധിപ്പിക്കണം. സർവകലാശാലകളുടെ ഓൺലൈൻ ക്ലാസുകൾക്ക് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രചാരം നൽകണം. ഓരോ പഠനവകുപ്പും അദ്ധ്യാപകരും ഓൺലൈൻ ക്ലാസുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസുകൾ സംഭാവനചെയ്യമെന്നും അദ്ദേഹം നിർദേശിച്ചു.

ഡിജിറ്റൽ അന്തരം കുറയ്ക്കാനായി അദ്ധ്യാപകരെ  ഓൺലൈൻ അദ്ധ്യാപന മാർഗങ്ങളിൽ പ്രാപ്തരാക്കണമെന്നും വിദ്യാർത്ഥികളുടെ പരാതികളിൽ എത്രയും വേഗം തീർപ്പു കൽപ്പിക്കണമെന്നും ഗവർണർ പറഞ്ഞു. ജോയിന്റ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും യോഗം ചർച്ച ചെയ്തു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കൾ, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ധോദാവത്, കേരള, എംജി, കലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, ശ്രീശങ്കര, കേരള കാർഷിക സർവകലാശാല വിസിമാർ യോഗത്തിൽ പങ്കെടുത്തു. യോഗം സെപ്റ്റംബർ 16 ന് സമാപിക്കും.