മുൻ ഐ. എഫ്. എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയെ കേരള സർക്കാരിന്റെ എക്‌സ്‌റ്റേണൽ കോഓപ്പറേഷൻ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി ഒരു വർഷത്തേക്ക് നിയോഗിച്ചു. ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിലാണ് നിയമിച്ചത്. ന്യൂഡൽഹി കേന്ദ്രീകരിച്ചാവും പ്രവർത്തനം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ന്യൂഡൽഹി, ചെന്നൈ, ബംഗളൂരു വിദേശ മിഷനുകൾ, കേരളവുമായി ബന്ധപ്പെട്ട വിദേശത്തെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾ എന്നിവയുടെ ലെയ്‌സൺ പ്രവർത്തനങ്ങളാവും പ്രധാന ചുമതല. സംസ്ഥാന സർക്കാരിന്റേയും വിദേശ നയതന്ത്ര മിഷനുകളുടെയും പ്രൊപ്പോസലുകളുടെ പുരോഗതി വിലയിരുത്തലും മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന വിവിധ വിഷയങ്ങളുടെ തുടർ പ്രവർത്തനങ്ങളുടെ ഏകോപനവും ചുമതലയിൽപെടും. പ്രവാസി വിഷയങ്ങളിലും വിദേശ സർക്കാരുകളുമായുള്ള ഉടമ്പടികളുമായി ബന്ധപ്പെട്ട നിയമങ്ങളിലും വ്യവസ്ഥകളിലും സംസ്ഥാന സർക്കാരിന് ആവശ്യമായ ഉപദേശങ്ങളും അദ്ദേഹം നൽകും.

വിദ്യാഭ്യാസം, സാംസ്‌കാരികം, ധനകാര്യം, നൈപുണ്യ വികസനം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിനുള്ള അവസരങ്ങളും യോജിച്ചപ്രവർത്തനങ്ങളും സഹകരണവും ആരായുന്നതിനും അദ്ദേഹം നടപടി സ്വീകരിക്കും. കേരളം സന്ദർശിക്കുന്ന ബിസിനസ് സംഘങ്ങൾ, വിദേശ ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തുന്നതിന് സംസ്ഥാന സർക്കാരിന് സഹായവും ഉറപ്പാക്കും.