സംസ്ഥാനത്ത് 829 അംഗനവാടികളിൽ സൗജന്യ വൈദ്യുതി കണക്ഷൻ നൽകിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കേരള സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് അംഗനവാടികളിലെ കുട്ടികൾക്ക് വെളിച്ചമെത്തിച്ചത്.  ഇവയിൽ 398 അംഗനവാടികൾക്ക് ഒരു പോസ്റ്റ് ഉൾപ്പെടെയുളള വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി സൗജന്യമായാണ് നൽകിയത്.

കെ.എസ്.ഇ.ബിയുടെ സ്വന്തം ഫണ്ടിൽ നിന്നും 17.65 ലക്ഷം രൂപ ചെലവാക്കിയാണ് ഇത്രയും കണക്ഷൻ നൽകിയത്.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ അംഗനവാടികൾക്ക് വൈദ്യുതി കണക്ഷൻ അനുവദിച്ചത്, 48 എണ്ണം. തിരുവനന്തപുരത്ത് 30 കണക്ഷനുകളും കൊല്ലം-22, പത്തനംതിട്ട-37, കോട്ടയം-34,  ആലപ്പുഴ- 25, എറണാകുളം- 7, ഇടുക്കി-34, തൃശ്ശൂർ-10, പാലക്കാട്-37, കോഴിക്കോട്-43, കണ്ണൂർ-20, കാസർഗോഡ്-20, വയനാട്-31 കണക്ഷനുകൾ നൽകി. ബാക്കിയുളള 431 അംഗനവാടികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനിതാശിശുവികസന വകുപ്പ് തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ചാണ് വൈദ്യുതി ലഭ്യമാക്കിയത്.