26 പിഎച്ച്‌സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും
ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ 26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ(പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നു. ജില്ലയിലെ പൊതുജനാരോഗ്യ സേവന രംഗത്ത് വന്‍ മുന്നേറ്റത്തിന് ഇതു വഴിയൊരുക്കും. എഴുമറ്റൂര്‍, വെച്ചൂച്ചിറ, കുന്നന്താനം, വല്ലന, ചിറ്റാര്‍, ചന്ദനപ്പള്ളി, കോയിപ്രം, കുളനട, മെഴുവേലി, ഓമല്ലൂര്‍, കടമ്മനിട്ട, തെള്ളിയൂര്‍, ചെറുകോല്‍, നാറാണംമൂഴി, റാന്നി പഴവങ്ങാടി, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കൂടല്‍, കൊക്കാത്തോട്, മൈലപ്ര, സീതത്തോട്, പുറമറ്റം, കവിയൂര്‍, ആനിക്കാട്, കുറ്റൂര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് രണ്ടാംഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് തീരുമാനിച്ചിരുന്നു. ഇതില്‍ ചെന്നീര്‍ക്കര, പന്തളം, ഓതറ, കോട്ടാങ്ങല്‍ എന്നിവ പൂര്‍ണമായും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. വടശേരിക്കര, പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടന സജ്ജമായി. നിരണം, തണ്ണിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ഈ വര്‍ഷം കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 34 ആയി ഉയരും.  ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഫാര്‍മസിസ്റ്റുകളുടെ ആറ് സ്ഥിരം തസ്തികകള്‍ കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
സേവനങ്ങള്‍ പുനര്‍നിര്‍ണയിച്ചും ഗുണനിലവാരം മെച്ചപ്പെടുത്തിയും പ്രഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുക എന്നത് ആര്‍ദ്രം മിഷന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം ഉള്‍പ്പെടെ ആരോഗ്യ പരിപാലനത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന രീതിയിലായിരിക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. സാഹചര്യം അനുസരിച്ച് ആരോഗ്യ കേന്ദ്രങ്ങളിലോ, ഫീല്‍ഡിലോ സേവനം ലഭ്യമാക്കും. ചികിത്സ, കൗണ്‍സലിംഗ്, ആരോഗ്യ വിദ്യാഭ്യാസം, പ്രതിരോധ കുത്തിവയ്പ്പുകള്‍, മെഡിക്കോ-ലീഗല്‍, ഫാര്‍മസി, ലബോറട്ടറി തുടങ്ങിയ സ്ഥാപനാധിഷ്ഠിത സേവനങ്ങള്‍ നല്‍കും. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ/അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ച് ഫീല്‍ഡ് തല സേവനങ്ങളും ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരോഗ്യ പരിചരണം ലഭ്യമാക്കുന്ന സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാക്കുന്ന പ്രാഥമിക ആരോഗ്യ രക്ഷാ പരിപാടികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെയായിരിക്കും നടപ്പാക്കുക. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സാമൂഹിക നീതി, വിദ്യാഭ്യാസം, കൃഷി, ജലസേചനം, പട്ടികജാതി-വര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അനുസരിച്ചുള്ള ആരോഗ്യനിലവാരം കൈവരിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒപി സംവിധാനം ആഴ്ചയില്‍ എല്ലാ ദിവസവും ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെയും. ഞായറാഴ്ചകളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുമാണ് സേവനം. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ചികിത്സാ മാനദണ്ഡ പ്രകാരം അനുയോജ്യമായ റഫറല്‍ തലത്തിലേക്ക് റഫര്‍ ചെയ്യും. സാധാരണ രോഗങ്ങളുടെ ചികിത്സയ്ക്കു പുറമേ പകര്‍ച്ചവ്യാധികള്‍, ജീവിത ശൈലീ രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സയും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും. പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍, ബ്രോങ്കൈല്‍ ആസ്മ തുടങ്ങിയവ കണ്ടെത്തി വിദഗ്ധ ചികിത്സ ആവശ്യമുള്ള പക്ഷം റഫര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും. സ്ത്രീ രോഗങ്ങള്‍, ത്വക് രോഗം, ചെവി, മൂക്ക് ഇവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ദന്ത രോഗങ്ങള്‍ എന്നിവ കണ്ടെത്തി വിദഗ്ധ ചികിത്സയ്ക്ക് റഫര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്.
പുനരധിവാസ സേവനങ്ങളില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടികളിലും ക്യാമ്പുകളിലും വൈകല്യങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ആളുകളെ സ്‌ക്രീന്‍ ചെയ്യുക, കിടപ്പ് രോഗികള്‍ക്ക് ഗൃഹചികിത്സയും സാന്ത്വന പരിചരണവും നല്‍കുക, വിവിധ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക തുടങ്ങിയവയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയാണ്. ഇ-ഹെല്‍ത്തുമായി ബന്ധപ്പെട്ട വിവര ശേഖരണം പൂര്‍ത്തിയാകുന്നതോടെ കുടുംബാരോഗ്യ രജിസ്റ്ററുകള്‍ തയാറാക്കി ഓരോ വ്യക്തിക്കും നല്‍കേണ്ട ആരോഗ്യ സേവനങ്ങളുടെ പദ്ധതി തയാറാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാ വ്യക്തികളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തില്‍ സുക്ഷിക്കുന്നതിനുള്ള ഇ-ഹെല്‍ത്ത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ ജില്ലയില്‍ പുരോഗമിച്ചു വരുന്നു.