ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ 2021-22 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി. വ്യാഴാഴ്ച ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകരിച്ചു. ആകെയുള്ള 48ല്‍ ശേഷിച്ച തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. സംയുക്ത പദ്ധതികള്‍ക്ക് തുക നീക്കിവെക്കാത്ത ഏഴ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഭേദഗതിയില്‍ ഫണ്ട് നീക്കിവെക്കണമെന്ന ഡിപിസി ചെയര്‍പേഴ്സന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ കര്‍ശന നിര്‍ദേശത്തോടെയാണ് പദ്ധതി അംഗീകാരം നല്‍കിയത്.

അംഗീകരിച്ച പദ്ധതികളില്‍ നെല്‍കൃഷിയുടെ കൂലിച്ചെലവ്, ക്ഷീരകര്‍ഷകര്‍ക്കുള്ള സബ്സിഡി, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ ഈ മാസം 30നകം ചെലവഴിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചു. വാര്‍ഷിക പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവലോകനം ഒക്ടോബര്‍ നാലിന് രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്തിലും ഉച്ചയ്ക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലും അഞ്ചിന് രാവിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും ഉച്ചയ്ക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലും ആറിന് രാവിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും ഉച്ചയ്ക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലും നടക്കും. ഏഴിന് രാവിലെ കാസര്‍കോട് വെച്ച് നഗരസഭകളുടെയും ഉച്ചയ്ക്ക് ജില്ലാ പഞ്ചായത്തിന്റെയും അവലോകനം നടക്കും.

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ സംയുക്ത സംരംഭമായ ഡയാലിസിസ് യൂനിറ്റിനായി 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് തുക വകയിരുത്താത്ത കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, കുമ്പള, മടിക്കൈ, പുല്ലൂര്‍-പെരിയ, മീഞ്ച, പുത്തിഗെ ഗ്രാമപഞ്ചായത്തുകള്‍ക്കും കാറഡുക്ക ബ്ലോക്കിന്റെ സംയുക്ത സംരംഭമായ ആനമതിലിന് തുക നീക്കിവെക്കാത്ത കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിനുമാണ് നിബന്ധനകളോടെ പദ്ധതി അംഗീകാരം നല്‍കിയത്. പുതിയ പ്രൊജക്ടുകള്‍, ഭേദഗതികള്‍, നേരത്തെയുള്ള പദ്ധതികള്‍ ഒഴിവാക്കല്‍ എന്നിവയ്ക്കാണ് അംഗീകാരമായത്.

കോവിഡ് മാനദണ്ഡം പാലിച്ച് ഓരോ തദ്ദേശ സ്ഥാപനത്തിനും നിര്‍ദിഷ്ട സമയം നീക്കിവെച്ചായിരുന്നു യോഗം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ഡിപിസി മെംബര്‍ സെക്രട്ടറി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാസര്‍കോട് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ, ഡിപിസി സര്‍ക്കാര്‍ നോമിനി അഡ്വ. സി. രാമചന്ദ്രന്‍, അംഗങ്ങളായ വി.വി. രമേശന്‍, എം. മനു, അഡ്വ. സരിത എസ്.എന്‍, ഗീതാകൃഷ്ണന്‍, കെ. ശകുന്തള, ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, സി.ജെ. സജിത്, നജ്മ റാഫി, കെ.പി. വല്‍സലന്‍, കെ. മണികണ്ഠന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.