ജില്ലയില്‍ 45നും 60നുമിടയില്‍ പ്രായമുള്ള നൂറ് ശതമാനം പേരും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി ഡാറ്റ അനാലിസിസ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശകലനത്തിലാണ് ഈ വിവരം ലഭിച്ചത്. സെപ്റ്റംബര്‍ 12 വരെയുള്ള കണക്ക് പ്രകാരം 60 വയസ്സിന് മുകളില്‍ പ്രായമുള്ള 94 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ള 61 ശതമാനം പേരാണ്ഇതുവരെ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചത്.

61 ശതമാനം മാത്രം വാക്‌സിന്‍ സ്വീകരിച്ച 18-45 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലാണ് നിലവില്‍ കോവിഡ് രോഗ ബാധ കൂടുതല്‍ സ്ഥിരീകരിക്കുന്നത്. മുഴുവന്‍ കോവിഡ് രോഗികളുടെ 50 ശതമാനവും ഈ പ്രായപരിധിയില്‍ ഉള്‍പ്പെട്ടവരാണ്. പ്രവര്‍ത്തന മേഖല തിരിച്ചുള്ള കണക്കുകളില്‍ കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ്. 29 ശതമാനം വിദ്യാര്‍ഥികളിലും 18 ശതമാനം കോളേജ് വിദ്യാര്‍ത്ഥികളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം വീട്ടമ്മമാര്‍ക്കിടയിലും രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 16 ശതമാനം വീട്ടമ്മമാരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യമാണ് ഇതില്‍ തെളിയുന്നത്. മുഴുവന്‍ പേരും വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയ്ക്ക് കൂടുതല്‍ മുന്നേറാനാകുമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.