ഗതാഗതകുരുക്കില്‍ നട്ടംതിരിയുന്ന കോഴഞ്ചേരിക്ക് ആശ്വാസമായി പുതിയ പാലം വരുന്നു. തിരുവല്ല- പത്തനംതിട്ട റോഡില്‍ പഴയ കോഴഞ്ചേരി പാലത്തിന്റെ വലതുഭാഗത്തായിട്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്. ജൂലൈ 7ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പുതിയ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.
കോഴഞ്ചേരിയില്‍ ദിനവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പാലം വരുന്നതോടെ ശാശ്വത പരിഹാരമാകും. 207.2 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇരുവശത്തും നടപ്പാതയും പുതിയ പാലത്തിനൊപ്പം നിര്‍മിക്കും. കിഫ്ബിയില്‍ നിന്ന് 19.69 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്. വീണാ ജോര്‍ജ് എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരമാണ് പുതിയ പാലത്തിന് കിഫ്ബിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കിയത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്ററിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററിലുമാണ് അപ്രോച്ച് റോഡുകള്‍ നിര്‍മിക്കുക. പഴയ പാലത്തിന്റെ കൈവരികള്‍ ആര്‍ച്ചുകളാണ്. ഇത്തരത്തിലുള്ള ആര്‍ച്ചുകള്‍ പുതിയ പാലത്തിനും ഉണ്ടാകും. ആര്‍ച്ചിന് കൂടുതല്‍ ബലം നല്‍കുന്നതിന് വേണ്ടി കോണ്‍ക്രീറ്റിന് ഒപ്പം ലംബമായി കേബിളുകളും ഉപയോഗിക്കും. പാലത്തിന്റെ താഴ്ഭാഗത്തു കൂടി കേബിളുകളും പൈപ്പുകളും സ്ഥാപിക്കുന്നതിനുള്ള സംവിധാനവും പുതിയ പാലത്തില്‍ ഉണ്ടായിരിക്കും. സെഗൂറാ ഫൗണ്ടേഷന്‍ ആന്‍ഡ് സ്ട്രക്ചറല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
പത്തനംതിട്ടയ്ക്കും തിരുവല്ലയ്ക്കും ഇടയില്‍ ഏറ്റവും തിരക്കുള്ള സ്ഥലമാണ് കോഴഞ്ചേരി. 5.5 മീറ്റര്‍ വീതി മാത്രമുള്ള പഴയ പാലത്തിലൂടെ രണ്ട് വലിയ വാഹനങ്ങള്‍ കടന്നു പോകുക അസാധ്യമാണ്. പുതിയ പാലം വരുന്നതോടെ ഇതിന് പരിഹാരമാകും. പഴയ പാലത്തിന് നിലവില്‍ കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ പുതിയ പാലം യാഥാര്‍ഥ്യമാകുമ്പോള്‍ പഴയ പാലം വണ്‍വേ ആയി നിലനിര്‍ത്തും.