ഉപനിഷത്തുകള്‍ ആത്മീയതയുടെ ഭണ്ഡാരങ്ങളാണെന്നും വൈവിധ്യങ്ങളുടെ ഇടയില്‍ അന്തിമമായ ഒരുമ പകര്‍ന്നു നല്‍കാന്‍ അവയ്ക്കാവുമെന്നും ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എട്ടു ഉപനിഷത്തുകളുടെ വ്യാഖ്യാനം വി.ജെ. ടി ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്‍ ഉപനിഷത്തുകളെ മഹത്തായ തത്വദര്‍ശനങ്ങളായാണ് വിശേഷിപ്പിച്ചത്. ജനങ്ങളെ പരസ്പരം പോരടിക്കാന്‍ പ്രേരിപ്പിക്കുന്ന അജ്ഞത അകറ്റുന്നതിന് ഉപനിഷത്തുകള്‍ക്ക് സാധിക്കും. രാജ്യങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഉപനിഷത്തുകള്‍ ഏറെ പ്രസക്തമാണ്. ഗ്രന്ഥങ്ങളുടെ ശരിയായ പരിഭാഷയിലൂടെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത ഒഴിവാക്കാനാവും. വിവരാധിഷ്ഠിത സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്ന വേളയില്‍ ഉപനിഷത്തുകളുടെ സന്ദേശത്തിന് വളരെ പ്രാധാന്യമുണ്ട്. ഉപനിഷത്തുകളുടെ വ്യാഖ്യാനം തയ്യാറാക്കിയ സ്വാമി മുനി നാരായണ പ്രസാദിനെയും പ്രസിദ്ധീകരിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ സമദ് സമദാനി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്വാമി മുനി നാരായണ പ്രസാദ്, പ്രസാര്‍ഭാരതി എ. ഡി. പി എസ്. രാധാകൃഷ്ണന്‍, റിസര്‍ച്ച് ഓഫീസര്‍ ഡോ. ബി. സുഗീത, അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു.