മലപ്പുറം: മണ്ണ് – ജല സംരക്ഷണം ലക്ഷ്യമാക്കി വാഴക്കാട് പഞ്ചായത്തില്‍ നീരുറവ്- നീര്‍ത്തട പദ്ധതിക്ക് തുടക്കമായി. ചെറു നീര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ച് ബഹുജന പങ്കാളിത്തത്തോടെയാണ് സമഗ്ര നീര്‍ത്തട വികസന പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വാഴക്കാട് പഞ്ചായത്തിലെ നൂഞ്ഞിക്കരയിലെ നീര്‍ത്തട പ്രദേശങ്ങളായ നാല്,15,16,17,18, വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

നീര്‍ത്തടത്തിലെ ചെറിയ നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ നടത്താന്‍ സമഗ്ര പദ്ധതി തയ്യാറാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രകൃതി വിഭവങ്ങളായ മണ്ണിനെയും ജലത്തെയും സംഭരിക്കുവാനും ജൈവസമ്പത്ത് വര്‍ധിപ്പിക്കുവാനും തത്ഫലമായി കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ജീവനോപാധിയും മെച്ചപ്പെടുത്തുന്നതിനും നീരുറവ നീര്‍ത്തട പദ്ധതിയിലൂടെ സാധ്യമാകും.

ഇതിന്റെ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനായി മുണ്ടു മുഴി – ചെറുവട്ടൂര്‍ അതിര്‍ത്തിയിലെ മൂഴിക്കലില്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ‘ട്രാന്‍സക്ട് വാക്ക് ‘ നടത്തി.