പത്തനംതിട്ട: ഖരമാലിന്യ സംസ്‌കരണത്തിലെ മികവിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയില്‍ നിന്നും ഗ്രാമപഞ്ചായത്തുതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തുമ്പമണ്‍ ഗ്രാമപഞ്ചായത്തും നഗരസഭാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തിരുവല്ല നഗരസഭയും അര്‍ഹരായി.

നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും സഹകരണത്തില്‍ മികച്ച ഖരമാലിന്യ സംസ്‌കരണ മാതൃകകള്‍ സൃഷ്ടിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് നവകേരള പുരസ്‌കാരം 2021 നല്‍കി ആദരിക്കുന്നത്. രണ്ട് ലക്ഷം രൂപയും പ്രശംസ പത്രവുമാണ് അവാര്‍ഡായി ലഭിക്കുന്നത്.

നവകേരളം 2021 പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ- ഗ്രാമവികസന-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിന്നും പുരസ്‌കാര ജേതാക്കളായ തിരുവല്ല, തുമ്പമണ്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.

തിരുവല്ല നഗരസഭയില്‍ അഡ്വ.മാത്യു ടി. തോമസ് എം.എല്‍.എ നവകേരള പുരസ്‌കാര ദാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പുരസ്‌കാര ദാനം നടത്തി. അടുത്തതായി ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനത്തിലേക്ക് എത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ദ്രവമാലിന്യ സംസ്‌കരണത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കട്ടെയെന്നും അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. ഖരമാലിന്യ സംസ്‌കരണത്തില്‍ സീറോ വേസ്റ്റ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ തിരുവല്ല നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും നിലവില്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. മാലിന്യ സംസ്‌കരണ സംവിധാനം ഫലപ്രദമായ രീതിയില്‍ നടക്കുവാനും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കി തീര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിക്കുന്നതിനൊപ്പം ഒരു പ്രചോദനംകൂടി ആണ് സര്‍ക്കാര്‍ ഇത്തരം പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനെ നവകേരള പുരസ്‌കാരത്തിലേക്ക് നയിച്ച കഴിഞ്ഞ ഭരണ സമിതിയുടെ പ്രവര്‍ത്തനം പോലെതന്നെ ഇപ്പോഴുള്ള ഭരണസമിതിയും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധേയമാണെന്നും ഭരണ സമിതിയെ എല്ലാ കാര്യങ്ങളിലും പിന്തുണക്കുന്ന ഉദ്യോഗസ്ഥര്‍ അഭിനന്ദനം അര്‍ഹിക്കുന്നവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ലാലി ജോണ്‍, ശ്രീന ദേവി കുഞ്ഞമ്മ, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ഇ.വിനോദ് കുമാര്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.