പന്തളം കരിമ്പു വിത്തുല്‍പാദന കേന്ദ്രം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി മന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട: പന്തളം ബ്രാന്‍ഡ് ജൈവ ശര്‍ക്കര യൂറോപ്പില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര കമ്പോളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം കരിമ്പു വിത്തുല്‍പാദന കേന്ദ്രത്തില്‍ പുനര്‍ജനി പദ്ധതി പ്രകാരം നടത്തുന്ന 1.65 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പന്തളം കരിമ്പു വിത്തുല്‍പാദന കേന്ദ്രത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കും. വിദേശ കമ്പോളങ്ങള്‍ക്ക് ഉതകുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച്, സംസ്‌കരിച്ച്, വിപണനം നടത്തും.

വിദേശ കമ്പോളത്തില്‍ വലിയ ഡിമാന്റുള്ള കരിമ്പ് ഉത്പന്നമായ ചായയില്‍ ഉപയോഗിക്കുന്ന ക്യൂബ്‌സ് ഉള്‍പ്പെടെ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കും. സമ്മിശ്ര ഫാമിന് മികച്ച ഉദാഹരണം കൂടിയാണ് പന്തളം കരിമ്പു വിത്ത് ഉത്പാദന കേന്ദ്രം. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് ഏറ്റെടുത്ത കൃഷി വ്യാപനം ഉള്‍പ്പെടെയുള്ള കര്‍മ്മ പരിപാടികള്‍ സംസ്ഥാനത്ത് പൂര്‍ണവിജയമാണ്.

ജനകീയ പങ്കാളിത്തതോടെയുള്ള വിഷരഹിത പച്ചക്കറിക്ക് കൃഷി വകുപ്പ് പ്രത്യേക ശ്രദ്ധനല്‍കി നടപ്പാക്കി വരുന്നു. പന്തളത്തെ നെല്ല് കൃഷിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്ത പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനായെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

തരിശുകിടന്ന ഭൂമി കൃഷിക്ക് ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളുടെ സ്വയം പര്യാപ്തതയില്‍ വിപ്ലവമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സംസ്ഥാന സര്‍ക്കാറിനായെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം കരിമ്പുവിത്തുല്‍പാദന കേന്ദ്രം നവീകരണത്തിലൂടെ കേരളത്തിന് അഭിമാനകരമായ നിലയിലേക്ക് ഉയരാന്‍ സാധിക്കട്ടെയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, വാര്‍ഡ് കൗണ്‍സിലര്‍ ഷെഫിന്‍ റെജിബ്ഖാന്‍, ഫാംസ് അഡീഷണല്‍ ഡയറക്ടര്‍ വി.ആര്‍. സോണിയ, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, കൃഷി ഓഫീസര്‍ എം.എസ്. വിമല്‍കുമാര്‍, ഫാം കൗണ്‍സില്‍ മെമ്പര്‍മാരായ എസ്.അജയകുമാര്‍, ജെ.ജയപ്രസാദ്, കര്‍ഷകതൊഴിലാളി പ്രതിനിധി ബി. രാധാമണിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.