ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ പി.രാജീവ് നടപ്പാക്കുന്ന പദ്ധതി

എറണാകുളം : കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അവ ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും വ്യവസായ മന്ത്രിയുമായ പി.രാജീവ് നടപ്പാക്കുന്ന ‘വിദ്യാകിരണം ഡിജിറ്റൽ ലൈബ്രറി’ പദ്ധതിക്ക് നാളെ (സെപ്തം: 18) തുടക്കമാകും. കുറ്റിക്കാട്ടുകര സെന്റ് തോമസ് ചർച്ച് സാന്തം റിവർസൈഡ് അരീനയിൽ ഉച്ചക്ക് ശേഷം 3.30ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ആകാശമിഠായി പുരസ്കാരങ്ങളുടെ ഏലൂർ നഗരസഭാതല വിതരണവും ഇതോടൊപ്പം നടക്കും.

ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയോട് അനുബന്ധമായാണ് കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കുപ്രകാരം നിയമസഭാ മണ്ഡലത്തിലെ 30 സ്കൂളുകളിലായി 742 പേർക്കാണ് പഠനോപകരണങ്ങൾ ആവശ്യമുള്ളത്. ഇത്രയും പേർക്ക് ടാബുകൾ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ലൈബ്രറിയാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് ഒരുക്കുക. സ്കൂളുകളിലെ ലൈബ്രറി പോലെ പഠനോപരണ ലൈബ്രററിയും പ്രവർത്തിക്കും. വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഡിജിറ്റൽ ലൈബ്രറി പദ്ധതിയോട് സഹകരിക്കുന്നുണ്ട്.

എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിലും മികച്ച വിജയം നേടുന്നവർക്കും അക്കാദമിക് മികവ് പുലർത്തുന്നവർക്കും ഏർപ്പെടുത്തിയ ആകാശമിഠായി പുരസ്കാരത്തിന്റെ ഏലൂർ നഗരസഭാതല വിതരണവും ഇതോടൊപ്പം നടക്കും. ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും.