ജല സ്രോതസുകളുടെ നിലനില്‍പ്പ് ലക്ഷ്യമിട്ട് ജലസാക്ഷരത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. വണ്ടാഴി- കിഴക്കഞ്ചേരി- വടക്കഞ്ചേരി- കണ്ണമ്പ്ര പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . 2014 ല്‍ മംഗലം ഡാം പരിസരത്ത് ആരംഭം കുറിച്ച കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിലെ കുറവ് കാരണം പൂര്‍ത്തിയാക്കാനായില്ല. 2017-18 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജലസേചന വകുപ്പ്- ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോടിയുടെ ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കുന്നതോടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഡാമുകളിലേയും ചെളി നീക്കം ചെയ്ത് ജല ലഭ്യത വര്‍ധിപ്പിക്കുന്ന പദ്ധതിയില്‍ ജില്ലയിലെ മംഗലം- ചുളളിയാര്‍ ഡാമുകളാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് മന്ത്രി അറിയിച്ചു.
വരള്‍ച്ചയില്‍ ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്ന സാഹചര്യം കണകാക്കി വെള്ളം ദുര്‍വിനിയോഗം ചെയ്യാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജലസ്രോതസുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ കടുത്ത ശിക്ഷയ്ക്ക് വിധേയരാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പരിപാടിയില്‍ പട്ടികജാതി-വര്‍ഗ-നിയമ- സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. 75 കോടിയുടെ രണ്ട്-മൂന്ന് ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ 153350 പേര്‍ക്കാണ് ഗുണം ലഭിക്കുക. 24.5 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാല, ജലസംഭരണി എന്നിവയും നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതോടെ പ്രദേശത്തെ കുടിവെള്ള- കൃഷി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വരും നാളുകളില്‍ പുതുക്കോട്-കാവശ്ശേരി, ഏലവഞ്ചേരി- പല്ലശ്ശന എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കാനുള്ള രൂപരേഖ തയാറാക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി മുഖ്യാതിഥിയായ പരിപാടിയില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ, നെന്മാറ- ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.വി. രാമകൃഷ്ണന്‍, സി.കെ. ചാമുണ്ണി, വണ്ടാഴി-കിഴക്കഞ്ചേരി-വടക്കഞ്ചേരി-കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുമാവലി മോഹന്‍ദാസ്, കവിത മാധവന്‍, അനിത പോള്‍സണ്‍, ഡി.രജിമോള്‍. സംസ്ഥാന വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ.കെ. കൗശിഗന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.