സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നാടുകാണി ടെക്സ്‌റ്റൈല്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്ററിന്റെ ഭാഗമായി ആരംഭിച്ച ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റ് കൈത്തറി മേഖലക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും സര്‍ക്കാര്‍ കൈത്തറിയുടെ വളര്‍ച്ചക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

നാടുകാണിയില്‍ 8.43 ഏക്കര്‍ വിസ്തൃതിയില്‍ 25.55 കോടി രൂപ മുതല്‍ മുടക്കിലാണ് ഫാബ്രിക് ഡൈയിംഗ് ആന്‍ഡ് ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്. തുണിത്തരങ്ങളില്‍ വിവിധ നിറത്തിലുള്ള പ്രിന്റിംഗ് സാധിക്കുമെന്നതാണ് ഡിജിറ്റല്‍ പ്രിന്റിംഗിന്റെ പ്രധാന സവിശേഷത. ത്രീഡി ഇനത്തിലുള്ള പ്രിന്റിംഗും ഇതില്‍ സാധ്യമാണ്. വസ്ത്രമേഖലയില്‍ ഗുണത്തിലും പ്രവര്‍ത്തന മികവിലും ഒന്നാമതായി നില്‍ക്കുന്ന കിയോസറായി പ്രിന്റിംഗ് ഇവിടെ ഉപയോഗിക്കുന്നത്. അന്തരീക്ഷമലിനീകരണം ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകരണം പ്ലാന്റിലുണ്ട്. 40,000 മീറ്റര്‍ ഫാബ്രിക് ഡൈയിംഗും 1500 മീറ്റര്‍ ഫാബ്രിക് പ്രിന്റിംഗുമാണ് യൂണിറ്റിന്റെ പ്രതിദിന പ്രവര്‍ത്തനശേഷി.

ഡോ. വി ശിവദാസന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തംഗം എ ജയേഷ്, നിഫ്റ്റ് ഡയറക്ടര്‍ ഡോ. പുനീത് സൂദ്, ഹാന്‍വീവ് ചെയര്‍മാനും എംഡിയുമായ കെ സുധീര്‍, കേരള സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, കൈത്തറി ആന്റ് ടെക്‌സ്‌റ്റൈയില്‍സ് ഡയറക്ടര്‍ കെ എസ് പ്രദീപ് കുമാര്‍, വീവേഴ്‌സ് സര്‍വ്വീസ് സെന്റര്‍ ഡിഡി എസ് ഡി സുബ്രഹ്മണ്യന്‍, സംസ്ഥാന ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് സി ആര്‍ വത്സന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.