കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ജീവിതശൈലീ രോഗങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനുള്ള ക്യാമ്പയിനുകള്‍ ശക്തമാക്കുമെന്ന് ആരോഗ്യ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണനിലവാരമുള്ള ചികിത്സ, ഉത്തരവാദിത്തത്തോടെയുള്ള സേവനം എന്നിവ ഉറപ്പു വരുത്തും.

ആര്‍ദ്രതയോടെയുള്ള സേവനവും സമീപനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. യുവാക്കളെ ഉള്‍പ്പെടുത്തി ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനുള്ള വിപുലമായ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. നല്ല ഭക്ഷണവും വ്യായാമവും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഇടവേളകളില്‍ പരിശോധന നടത്തും. വെല്ലുവിളികളെ അതിജീവിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കേരളത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

പുതിയങ്ങാടി ഫിഷറീസ് കുടുംബാരോഗ്യകേന്ദത്തിനും നാറാത്ത് കുടുംബാരോഗ്യകേന്ദ്രത്തിനും നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.
2018 ലാണ് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പുതിയങ്ങാടി ഫിഷറീസ് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. സുനാമി പുനരധിവാസ പദ്ധതിയില്‍ ഫിഷറീസ് വകുപ്പിന് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ കെട്ടിടം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആശുപത്രിക്ക് കൈമാറി. 2019 -20 വര്‍ഷത്തെ പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും എന്‍ എച്ച് എം നിര്‍മാണ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വീതം ഉപയോഗിച്ച് പ്രൈമറി വെയിറ്റിങ്ങ് ഏരിയ, സെക്കണ്ടറി വെയിറ്റിംഗ് ഏരിയ, ലാബ്, ഫാര്‍മസി, സ്റ്റോര്‍, ഒ പി എന്നിവ നിര്‍മിച്ചു. 2020 ജനുവരി മുതല്‍ ഒരു അസി.സര്‍ജന്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നീ സ്ഥിര നിയമനങ്ങള്‍ നടത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജീവനക്കാരും ഇവിടെയുണ്ട്.

ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 13 ലക്ഷം രൂപ, നാറാത്ത് ഗ്രാമപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ, വ്യക്തികളും സംഘടനകളും സംഭാവനയായി നല്‍കിയ മൂന്നര ലക്ഷം രൂപ എന്നിവ ഉപയോഗിച്ചാണ് നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. പ്രീ ചെക്ക് അപ്പ് ഏരിയ, രോഗികള്‍ക്കായി പ്രത്യേക കാബിന്‍ സൗകര്യം, നവീകരിച്ച ഫാര്‍മസി, ലാബുകള്‍, കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. സായാഹ്ന ഒ പി, ലബോട്ടറി സൗകര്യം എന്നിവ ഏതാനും മാസങ്ങള്‍ക്ക് മുമ്പ്് ആരംഭിച്ചിരുന്നു. മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സിംഗ് ഓഫീസര്‍മാര്‍, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.

പുതിയങ്ങാടി ഫിഷറീസ് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ എം വിജിന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.  മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരന്‍, ജില്ലാ പഞ്ചായത്തംഗം എസ് കെ ആബിദ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ ഹാജി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.കെ സി സച്ചിന്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മെഹനാസ് ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, വൈസ് പ്രസിഡണ്ട് കെ ശ്യാമള, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ എന്‍ മുസ്തഫ, ഡി പി എം ഡോ പി കെ അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഖില്‍ ആര്‍ നമ്പ്യാര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.