രാജ്യത്തെ സ്റ്റാർട്ടപ്പ് രംഗത്തിന് പുത്തൻ ഊർജ്ജം നൽകാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉത്പന്നവികസന കേന്ദ്രമായ ‘ഡിജിറ്റൽ ഹബ്’ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലുള്ള അത്യാധുനിക സമുച്ചയത്തിൽ പുത്തൻ സാങ്കേതികവിദ്യയിലൂന്നിയ ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, മികവിൻറെ കേന്ദ്രങ്ങൾ എന്നിവയാണ് സജ്ജീകരിക്കുക.
രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഈ കെട്ടിടസമുച്ചയത്തിൽ നിലവിൽ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലുള്ള 165 സ്റ്റാർട്ടപ്പുകൾക്ക് പുറമെ 200 സ്റ്റാർട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളാനാകും. ഡിസൈൻ ഇൻകുബേറ്റർ, ഹെൽത്ത്കെയർ ഇൻകുബേറ്റർ, മൗസർ ഇലക്ട്രോണിക്സിന്റെ മികവിന്റെ കേന്ദ്രം, ഡിസൈൻ സ്റ്റുഡിയോകൾ, നിക്ഷേപകർക്കായുള്ള പ്രത്യേക സംവിധാനം, ഇനോവേഷൻ കേന്ദ്രം, എന്നിവയടങ്ങുന്നതാണ് ഡിജിറ്റൽ ഹബ്.
സോഫ്റ്റ്വെയർ, ഹാർഡ്വെയർ വിഭാഗങ്ങളിലെ ഉത്പന്ന രൂപകൽപ്പന, വികസനം എന്നിവയ്ക്കുള്ള ഏകീകൃത കേന്ദ്രമായി ഇവിടുത്തെ മികവിന്റെ കേന്ദ്രം മാറും. നിർമ്മിതബുദ്ധി, റോബോടിക്സ്‌
ഓഗ്മെൻറഡ് റിയാലിറ്റി, ഇൻറർനെറ്റ് ഓഫ് തിംഗ്സ്, ലാംഗ്വേജ് പ്രൊസസിംഗ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായാകും കേന്ദ്രത്തിൻറെ പ്രവർത്തനം. തുടക്കത്തിൽ 2500 പേർക്ക് നേരിട്ട് തൊഴിലവസരം ലഭിക്കുന്ന 200 സ്റ്റാർട്ടപ്പുകളാകും ഇവിടെ പ്രവർത്തിക്കുക.
ആശയരൂപീകരണം മുതൽ ഉത്പന്നത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള മാതൃകാരൂപകൽപ്പന വരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഡിജിറ്റൽ ഹബിന് പിന്നിലുള്ളത്. മികച്ച നൈപുണ്യശേഷി, എൻജിനീയറിംഗ് രൂപകൽപനയിലെ മികവ്, ഡിജിറ്റൽ ഫാബ്രിക്കേഷൻ ശൃംഖല, സൂപ്പർ ഫാബ് ലാബ്, ഹാർഡ് വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജ്, ചെറുകിട ഉത്പാദക കേന്ദ്രങ്ങൾ, വ്യവസായിക ഇടനാഴി എന്നിവ കൊണ്ട് സമ്പന്നമാണ് സംസ്ഥാനത്തെ ഡിജിറ്റൽ അന്തരീക്ഷം.
കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കർ സ്ഥലത്താണ് ടെക്നോളജി ഇനോവേഷൻ സോൺ സ്ഥിതി ചെയ്യുന്നത്. ആകെ നാല് ലക്ഷം ചതുരശ്രയടിയാണ് സോണിന്റെ വലുപ്പം. 2.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സ്, ബയോടെക്നോളജി ഇൻകുബേഷൻ സെൻറർ എന്നിവയാണ് നിലവിൽ ഇവിടെയുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്- www.innovationzone.in