പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ പാലുകാച്ചും താക്കോല്‍ദാനവും ഇന്ന് (സെപ്റ്റംബര്‍ 18) നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി വീടുകളുടെ താക്കോല്‍ ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പത്തനംതിട്ട ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ 495 വീടുകളുടെ താക്കോല്‍ദാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 ന് നടത്തും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും താക്കോല്‍ദാന ചടങ്ങുകള്‍ നടക്കും.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലും, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും പങ്കെടുക്കും. ആന്റോ ആന്റണി എംപി ആറന്മുള ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ മാത്യു ടി. തോമസ് കുറ്റൂരിലും കെ.യു. ജിനീഷ് കുമാര്‍ കലഞ്ഞൂരിലും, പ്രമോദ് നാരായണന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്തിലും ചടങ്ങുകളില്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലും, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലും പങ്കെടുക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഗുണഭോക്താക്കളും പങ്കെടുക്കും.