പത്തനംതിട്ട: ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംഘടിപ്പിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ആരോഗ്യവകുപ്പ്, സാമൂഹിക നീതിവകുപ്പ്, വനിതാശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി രണ്ടാംഡോസ് വാക്‌സിനേഷന്‍ ക്യാമ്പാണ് സംഘടിപ്പിച്ചത്.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയാക്കിയ ഭിന്നശേഷിവിഭാഗക്കാര്‍ക്ക് അതത് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി രണ്ടാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. ജില്ലയില്‍ 65 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായാണ് വാക്‌സിന്‍ ഡ്രൈവ് നടത്തിയത്. ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍.ഷീജ, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസര്‍ ഷംല ബീഗം, വനിതാ ശിശുസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ പി.എസ്. തസ്‌നിം, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയശങ്കര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.