ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പൂര്‍ണമായും സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ത്രികള്‍ക്കും കുട്ടികള്‍ക്കും ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും പെരുമാറുന്നതിനും ഏറ്റവും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ക്ലാസ് സുരക്ഷ-2018 ഏറ്റുമാനൂര്‍ ഗവണ്‍മന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ കെ. സുരേഷ് കുറുപ്പ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ഭരണരംഗം മുതല്‍ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വരെ സ്ത്രീകള്‍ കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും ലിംഗവിവേചനം എല്ലാ ഇടങ്ങളിലും കണ്ടു വരുന്നതായും ഇതിനെതിരെ ശക്തമായ മാറ്റം നമ്മുടെ സമൂഹത്തില്‍ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ക്ലാസുകള്‍ നടത്തുന്നത.് കുട്ടികളില്‍ ലിംഗനീതി – സമത്വ- അവബോധം സൃഷ്ടിക്കുക അതിലൂടെ സ്ത്രീ സമത്വ സൗഹൃദ സമൂഹം വാര്‍ത്തെടുക്കുന്നതിനുമാണ് പ്രസ്തുത പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഏറ്റുമാനൂരിനെ സ്ത്രീ സൗഹൃദ ഇടമാക്കി മാറ്റുന്നതിനായി നഗരത്തില്‍ ഷീ ലോഡ്ജ്, സ്ത്രീകള്‍ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍, അമ്മമാര്‍ക്ക് മുലയൂട്ടാന്‍ മുറികള്‍ എന്നിവ സജ്ജീകരിക്കും.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയ് മന്നാമല മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി ബിന്ദു, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ റ്റി.പി മോഹന്‍ദാസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ, പി.റ്റി.എ പ്രസിഡന്റ് റ്റി തങ്കച്ചന്‍ എന്നിവര്‍ ചടങ്ങിന് ആശംസ നല്‍കി.