എറണാകുളം: താമസിക്കാൻ വീടു ലഭിച്ചതിൻ്റെയും ഗൃഹപ്രവേശത്തിന് മന്ത്രിയെത്തിയതിൻ്റയും ഇരട്ടി സന്തോഷത്തിലാണ് ഉണ്ണികൃഷ്ണനും കുടുംബവും. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടിയിൽ ലൈഫ് മിഷൻ പദ്ധതി കൂടി ചേർന്നപ്പോൾ ഉണ്ണിക്കൃഷ്ണൻ്റെ സ്വപ്നങ്ങളും വേഗത്തിൽ സാക്ഷാത്കരിച്ചു. അടച്ചുറപ്പുള്ള വീടിൻ്റെ സുരക്ഷിതത്വത്തിൽ ഉണ്ണികൃഷ്ണനും കുടുംബവും മന്ത്രിയെ നന്ദിയറിയിച്ച് കൈകൂപ്പി.
സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ്മിഷൻ പദ്ധതിയിൽ ജില്ലയിൽ 859 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയത്. വീടുകളുടെ ഗൃഹപ്രവേശവും ഗുണഭോക്താക്കളുടെ കുടുംബ സംഗമവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നു.
ഏലൂർ ,കളമശ്ശേരി നഗരസഭകളുടെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഗൃഹപ്രവേശവും മന്ത്രി പി.രാജീവ് നിർവഹിച്ചു.
വീട് എന്നത് ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്നമാണെന്നും ഒരിക്കലും സാക്ഷാത്കരിക്കുകയില്ല എന്നു കരുതിയിരുന്ന കുടുംബങ്ങൾക്ക് പോലും അടച്ചുറപ്പുള്ള വീട് നിർമ്മിക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഏലൂർ നഗരസഭയിലെ മുടക്കാരപ്പിള്ളി മഞ്ഞുമ്മൽ എം.ജി.ഉണ്ണികൃഷ്ണൻ്റെ വീടിൻ്റെ ഗൃഹപ്രവേശനം മന്ത്രി പാലുകാച്ചി നിർവഹിച്ചു. സ്വന്തമായി സ്ഥലമുണ്ടെങ്കിലും അടച്ചുറപ്പുള്ള വീടില്ലാത്ത ദു:ഖത്തിലായിരുന്നും ഉണ്ണികൃഷ്ണനും കുടുംബവും. ലൈഫ് മിഷൻ പദ്ധതിയിൽ നാല് ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിനായി ലഭിച്ചത്. രണ്ട് മുറിയും ഹാളും അടുക്കളയും പൂമുഖവും ചേർന്നതാണ് പുതിയ വീട്. ലൈഫ് മിഷനിൽ വീട് പൂർത്തീകരിച്ചതിൻ്റെ അഭിനന്ദന ഫലകം ഉണ്ണികൃഷ്ണൻ്റെ മാതാവ് ഗോമതിക്കു മന്ത്രി കൈമാറി. വിദ്യാർത്ഥിയായ മകൾ ലക്ഷ്മിയും ഭാര്യ ബിന്ദുവും അടങ്ങുന്നതാണ് ഉണ്ണികൃഷ്ണൻ്റെ കുടുംബം.
തുടർന്ന് ആലങ്ങാട് പഞ്ചായത്തിൽ നീറിക്കോട് ആശാരിപ്പറമ്പിൽ ശ്യാമളയുടെ വീടിന്റെ താക്കോൽ ദാനവും മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.