ലൈഫ് മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടന്നു
ചാവക്കാട് നഗരസഭയില്‍ തല ചായ്ക്കാന്‍ സ്വന്തമായി കിടപ്പാടം ലഭിച്ചത് 728 കുടുംബങ്ങള്‍ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 10,000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിലെ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് നിര്‍വഹിച്ചു. പദ്ധതിയുടെ നാല് ഘട്ടങ്ങളിലായി നഗരസഭയില്‍ 840 ഗുണഭോക്താക്കളെയാണ് ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം അനുവദിക്കുന്നതിലേക്കായി തിരഞ്ഞെടുത്തത്. അതില്‍ 728 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 112 ഭവനങ്ങള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതുവരെ 30 കോടി രൂപ നഗരസഭ ഈ പദ്ധതിയില്‍ ചെലവഴിച്ചിട്ടുണ്ട്.
ചാവക്കാട് നഗരസഭയിലെ ഓരോ ഭവന രഹിതരെയും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായി ഒരു തണല്‍ എന്ന വലിയ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെ പാതയിലാണ് നഗരസഭയെന്ന് ചെയര്‍പേഴ്‌സണ്‍പറഞ്ഞു. നാലാം ഡിപിആറില്‍ആദ്യം പണി പൂര്‍ത്തീകരിച്ച ജമീല വെള്ളക്കാട്ട് എന്ന ഗുണഭോക്താവിന് പഞ്ചാബ്നാഷണല്‍ ബാങ്കിന്റെ ചാവക്കാട് ബ്രാഞ്ച് സ്‌പോണ്‍സര്‍ ചെയ്ത 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ചെയര്‍പേഴ്‌സണ്‍ പരിപാടിയില്‍ വെച്ച് സമ്മാനിച്ചു. ലൈഫ് മിഷന്‍ ധനസഹായത്തിന് പുറമേ ഓരോ ഗുണഭോക്താവിനേയും അവരുടെ നിര്‍മാണ ഘട്ടത്തില്‍ സഹായിക്കുന്നതിന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 84 ലക്ഷം രൂപയോളം ധനസഹായമായി നല്‍കിയിട്ടുണ്ട്. ചാവക്കാട് നഗരസഭയില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഭൂരഹിത ഭവന രഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിനായി നഗരസഭ ഒരുകോടി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ 44 ഗുണഭോക്താക്കള്‍ക്ക് ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കുന്നതിന് ചാവക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ മുട്ടില്‍ എന്ന സ്ഥലത്ത് നഗരസഭ 50 സെന്റ് സ്ഥലവും കണ്ടെത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, എ വി മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥന്‍, കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ സി എന്‍ ലളിത എന്നിവര്‍ പങ്കെടുത്തു.