എളവള്ളി ഗ്രാമപഞ്ചായത്തിൽ കൃഷി ചെയ്യുന്ന മുഴുവൻ നെൽകർഷകർക്കും നെൽവിത്ത് സൗജന്യമായി വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒമ്പത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെൽവിത്ത് ഏക്കറിന് 32 കിലോ വീതമാണ് വിതരണം ചെയ്യുന്നത്. മുണ്ടകൻ കൃഷിയിറക്കുന്നതിനുള്ള നെൽവിത്ത് വിതരണമാണ് ഇതിലൂടെ നടപ്പാക്കുന്നത്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്പ്മെൻ്റ് ഏജൻസി വഴിയാണ് വിത്ത് സംഭരിച്ചിട്ടുള്ളത്. വാക കാക്കത്തിരുത്തി, കുണ്ടുപാടം, കണിയാംതുരുത്ത്, കോക്കൂർ, കാട്ടൂപ്പാടം- ബ്രാലായി, ചെമ്മങ്ങാട്, കുറ്റിക്കാട്ട് എന്നീ ഏഴു പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നവർക്കാണ് നെൽവിത്ത് ലഭിക്കുന്നത്.  സൗജന്യ നെൽവിത്ത് വിതരണം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ ഡി വിഷ്ണു അധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, ടി സി മോഹനൻ, രാജി മണികണ്ഠൻ, ഷാലി ചന്ദ്രശേഖരൻ, പാടശേഖര ഭാരവാഹികളായ പി പി മോഹനൻ, പി ശിവശങ്കരൻ, കെ പി സണ്ണി, കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് കുമാർ എന്നിവർ സംസാരിച്ചു.