തിരുവനന്തപുരം : അഭ്യസ്തവിദ്യരും തൊഴില്‍ നൈപുണ്യമുള്ളവരുമായ സ്ത്രീകളുടെ ഉന്നമനത്തിനായി തയ്യാറാക്കിയ കുടുംബശ്രീ യുവതി ആക്്സിലറി ഗ്രൂപ്പ് പദ്ധതി മാര്‍ഗനിര്‍ദ്ദേശം കുടുംബശ്രീമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീവിദ്യക്കു കൈമാറി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.
സ്ത്രീകള്‍ സ്വന്തംകഴിവുകള്‍ പ്രയോജനപ്പെടുത്താനാവാതെ ഒതുങ്ങിക്കൂടുന്ന അവസ്ഥക്ക് മാറ്റം വരുത്താനാണ് കുടുംബശ്രീ യുവതി ആക്സിലറി ഗ്രൂപ്പ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ കൂടിവരുന്നു. സാമൂഹിക രീതികള്‍ രൂപപ്പെടുത്തിയ മനോഭാവവും ആത്മവിശ്വാസക്കുറവുമാണ് ഈ അവസ്ഥക്ക് കാരണം. ഇതിനു ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും 18 മുതല്‍ 40 വരെയുള്ള സ്ത്രീകളെ അംഗങ്ങളാക്കിയുള്ള ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ വിദ്യാഭ്യാസ പുരോഗതി വളരെയധികം നേടിയ ഇന്നത്തെ സാഹചര്യത്തില്‍ പുതിയ തലമുറയിലെ സ്ത്രീകള്‍ക്ക് സാമൂഹിക സാമ്പത്തിക ശാക്തീകരണം സാധ്യമാക്കി അവരുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളും സ്വാതന്ത്രമാക്കുവാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.