തേവലക്കര ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ തേവലക്കര – തെക്കുംഭാഗം കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് (സെപ്റ്റംബര്‍ 20) വൈകിട്ട് നാലിന് നാടിന് സമര്‍പ്പിക്കും.
മരിയാടിമുക്കില്‍ 2.79 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച 6.5 ലക്ഷം ലിറ്റര്‍ ജല സംഭരണിയും 1220 മീറ്റര്‍ ഡി.ഐ. പൈപ്പ് ലൈന്‍ പ്രവൃത്തിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4358 കുടുംബങ്ങള്‍ക്ക് 20 കോടി രൂപ വിനിയോഗിച്ച് നല്‍കുന്ന ഗാര്‍ഹിക കണക്ഷനുകളുടെയും 75 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെയും നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പി. മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, കേരള ജല അതോറിറ്റി സൂപ്രണ്ട് പ്രകാശ് ഇടിക്കുള, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ജലവിഭവവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി, ടെക്‌നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
