കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ തോത് ഉയര്‍ത്തി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ 18 വയസ്സിനു മുകളിലുള്ളവരുടെ ഒന്നാംഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. രോഗ ബാധിതര്‍ കൂടുതലുള്ള വാര്‍ഡുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയതായി സെക്രട്ടറി പറഞ്ഞു.
ചിതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാങ്കോട്, മടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മൂന്ന് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. മൂവായിരത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കി. 85 ശതമാനത്തോളം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. വാര്‍ഡ് തല ആര്‍.ആര്‍. ടികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രസിഡന്റ് എം. എസ് മുരളി പറഞ്ഞു.